കര്‍ണാടക ആര്.ടി.സിയുടെ ‘നമ്മ കാര്‍ഗോ’ സർവിസ് തുടങ്ങി
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് (കെ.എസ്.ആർ.ടി.സി) കീഴിൽ ‘നമ്മ കാർഗോ’ എന്ന പേരിൽ ട്രക്ക് സർവിസ് ആരംഭിച്ചു. ശനിയാഴ്ച ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഫ്ലാഗ് ഓഫ് നിർവഹിച്ചു.
20 വാഹനങ്ങളാണ് ആദ്യ ഘട്ടത്തിൽ അവതരിപ്പിച്ചത്. ഒരു മാസത്തിനകം 100 ട്രക്കുകൾ ഇറക്കുമെന്നും ഒരു വർഷത്തിനകം 500 ട്രക്കുകൾ കെ.എസ്.ആർ.ടി.സിക്ക് സർവിസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
പീനിയയിലെ ബസവേശ്വര ബസ് സ്റ്റാൻഡ് കേന്ദ്രമാക്കിയാണ് കാർഗോ സർവിസ് പ്രവർത്തിക്കുക. വാഹനങ്ങളുടെ അറ്റകുറ്റപ്പണി അടക്കമുള്ളവയും ഇവിടെ നടത്തും.
കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്ന റൂട്ടുകളിൽ പാർസൽ വസ്തുക്കൾ എത്തിക്കുകയാണ് ‘നമ്മ കാർഗോ’ ലക്ഷ്യമിടുന്നത്. ഇവ ജി.പി.എസ് സേവനത്തോടെയാണ് പ്രവർത്തിക്കുകയെന്നതിനാൽ ട്രാക്ക് ചെയ്യാനാവും. ഏഴു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള വാഹനങ്ങളാണിവ. മിതമായ നിരക്കിൽ ചരക്കുകളെത്തിക്കുക വഴി ഒരേസമയം യാത്രക്കാരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും വർധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ ഗതാഗത കോർപറേഷനുകളിലൊന്നാണ് കെ.എസ്.ആർ.ടി.സി. 16 ഡിവിഷനുകൾക്ക് കീഴിൽ 83 ഡിപ്പോകളിലായി 174 ബസ്സ്റ്റാൻഡുകളുണ്ട്. 8355 ബസുകളാണ് കോർപറേഷന് കീഴിൽ സർവിസ് നടത്തുന്നത്.
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കര്‍ണാടക ആര്.ടി.സി കാര്‍ഗോ സര്‍വിസിലേക്കും തിരിയുന്നത്. നിലവില്‍ കർണാടകക്കുള്ളിലാണ് ‘നമ്മ കാർഗോ’യുടെ സേവനം ലഭിക്കുക. ഭാവിയില്‍ മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി സര്‍വിസ് നടത്താനാണ് ലക്ഷ്യമിടുന്നത്.
മരുന്ന് നിര്‍മാണം, വസ്ത്രനിര്‍മാണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും കമ്പനികളുമായി കര്‍ണാടക ആര്.ടി.സി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
അടുത്തഘട്ടത്തില്‍ ഡിവിഷനല്‍ ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാര്‍ഗോ സര്‍വിസ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.