കർണാടക; നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി
text_fieldsബംഗളൂരു: ഒന്നാം ഘട്ടത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങി.
ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന ചാമരാജ് നഗർ, മൈസൂരു- കുടക്, മാണ്ഡ്യ, ബംഗളൂരു റൂറൽ, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, കോലാർ, ചിക്കബല്ലാപുര, തുമകുരു, ഹാസൻ, ചിത്രദുർഗ, ഉഡുപ്പി- ചിക്കമഗളൂരു, ദക്ഷിണ കന്നഡ മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച പത്രിക സമർപ്പണം ആരംഭിച്ചത്.
ബംഗളൂരു റൂറൽ മണ്ഡലത്തിലെ കോൺഗ്രസിന്റെ സിറ്റിങ് സ്ഥാനാർഥി ഡി.കെ. സുരേഷ്, എൻ.ഡി.എയുടെ ഹാസൻ മണ്ഡല സ്ഥാനാർഥിയും ജെ.ഡി-എസിന്റെ സിറ്റിങ് എം.പിയുമായ പ്രജ്വൽ രേവണ്ണ തുടങ്ങിയവർ വ്യാഴാഴ്ച പത്രിക സമർപ്പിച്ചു. മുൻ മന്ത്രി എച്ച്.ഡി. രേവണ്ണയുടെ മകനുമായ പ്രജ്വൽ രേവണ്ണ ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പേരമകനാണ്. ബി.ജെ.പി- ജെ.ഡി-എസ് സഖ്യ ധാരണപ്രകാരം ജെ.ഡി-എസിന് ബി.ജെ.പി വിട്ടു നൽകിയ മൂന്നു സീറ്റുകളിലൊന്നാണ് ഹാസൻ. കോലാർ, മാണ്ഡ്യ എന്നിവയാണ് മറ്റു സീറ്റുകൾ. ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏപ്രിൽ അഞ്ചാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ഏപ്രിൽ എട്ടിനകം പത്രിക പിൻവലിക്കാം. രണ്ടു ഘട്ടങ്ങളിലായാണ് കർണാടകയിലെ ലോക്സഭ തെരഞ്ഞെടുപ്പ് അരങ്ങേറുക.
ഉത്തര കന്നട, ശിവമൊഗ്ഗ, ദാവൻകര, ബെള്ളാരി, ഹാവേരി, ധാർവാഡ്, കൊപ്പാൽ, ബെളഗാവി, ചിക്കോടി, ബാഗൽകോട്ട്, വിജയപുര, റായ്ച്ചൂർ, കലബുറഗി, ബിദർ മണ്ഡലങ്ങളിൽ മേയ് ഏഴിന് തെരഞ്ഞെടുപ്പ് നടക്കും. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസും ജെ.ഡി-എസും സഖ്യമായാണ് മത്സരിച്ചത്. 28 സീറ്റിൽ ബി.ജെ.പി- 25, കോൺഗ്രസ്- ഒന്ന്, ജെ.ഡി-എസ്- ഒന്ന്, സ്വതന്ത്ര- ഒന്ന് എന്നിങ്ങനെയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.