വ്യാജന്മാർ പെരുകുന്നു; സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഡിജിറ്റൽ പേമെന്റ് മാത്രമാക്കാനൊരുങ്ങി കർണാടക
text_fieldsബംഗളൂരു: സ്റ്റാമ്പ് ഡ്യൂട്ടിക്ക് കാഷ് അധിഷ്ഠിത ചലാനുകളവസാനിപ്പിച്ച് ഡിജിറ്റൽ പേമെന്റ് മാത്രമാക്കാനൊരുങ്ങി കർണാടക സർക്കാർ. രണ്ടു പതിറ്റാണ്ട് മുമ്പ് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ തെൽഗി കുംഭകോണത്തിനുശേഷം വീണ്ടും ഫോട്ടോകോപ്പി ചെയ്ത സ്റ്റാമ്പ് പേപ്പറുകളും വ്യാജ ചലാനുകളും ഉൾപ്പെടെ സംസ്ഥാനത്ത് വ്യാജ രേഖകൾ വഴി ആയിരക്കണക്കിന് കോടികളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. ഇതുവഴി 3000 മുതൽ 8000 കോടി രൂപ വരെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന കണ്ടെത്തലിനെത്തുടർന്നാണ് കർണാടക സർക്കാർ നയം മാറ്റത്തിനൊരുങ്ങുന്നത്.
പുതിയ നയപ്രകാരം സബ് രജിസ്ട്രാർമാർക്ക് സ്റ്റാമ്പ് ഡ്യൂട്ടി പേമെന്റുകൾ നടത്താനുള്ള അധികാരം നഷ്ടപ്പെടും. കർണാടക സ്റ്റാമ്പ് ആക്ടിനു കീഴിൽ സബ് രജിസ്ട്രാർമാർക്ക് ലഭിക്കുന്ന ഈ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ഒരേ ചലാനുപയോഗിച്ച് വ്യത്യസ്ത സ്റ്റാമ്പ് ഡ്യൂട്ടി പേമെന്റുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 2600 പേർക്ക് അധികൃതർ നോട്ടീസുകൾ അയച്ചിട്ടുണ്ട്. ഇതിൽ പണയമിടപാടുകൾ നടത്തുന്നവരും ചെറുകിട ധനകാര്യ സ്ഥാപനങ്ങളുമുൾപ്പെടുന്നു.
33,000 കോടി രൂപയുടെ തെൽഗി കുംഭകോണത്തിന് ശേഷമായിരുന്നു കർണാടക സർക്കാർ ഇലക്ട്രോണിക് സ്റ്റാമ്പിങ് നടപ്പാക്കിയത്. എന്നാൽ, സ്റ്റാമ്പ് ആക്ടിനു കീഴിലെ സെഷൻ 10 എ പ്രകാരം സബ് രജിസ്ട്രാർമാർക്ക് ചലാൻ അടിസ്ഥാനമാക്കി പേമെന്റ് നടത്താനുള്ള അനുമതി നൽകിയതാണ് സ്റ്റാമ്പുകളുടെ പകർപ്പുകളിലേക്ക് നയിച്ചത്. നിലവിലെ സാമ്പത്തിക വർഷത്തിൽ ഇതുവരെയായി സ്റ്റാമ്പ് രജിസ്ട്രേഷൻ ഇനത്തിൽ 15,000 കോടി രൂപയാണ് അധികനികുതിയായി ഈ വർഷം സർക്കാറിന് ലഭിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും 24,500 കോടി രൂപയുടെ വരുമാനമാണ് സ്റ്റാമ്പ്സ് ആൻഡ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ലക്ഷ്യമിടുന്നത്.
മുനിസിപ്പാലിറ്റികളിൽ 20 മുതൽ 30 ലക്ഷം വരെയും ഗ്രാമപഞ്ചായത്ത് അധികാരപരിധിയിൽ 90 ലക്ഷം വരെയും നികുതി അടക്കാത്ത വസ്തുക്കളുണ്ടെന്നാണ് സർക്കാറിന്റെ കണക്ക്. ബംഗളൂരു നഗരത്തിൽ വസ്തുനികുതി അടക്കാത്ത ഏഴു മുതൽ എട്ടു ലക്ഷം വസ്തുവകകൾ ഉണ്ടെന്ന് റവന്യൂ മന്ത്രി കൃഷ്ണബൈര ഗൗഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.