തുളുവിനെ രണ്ടാം ഔദ്യോഗിക ഭാഷയാക്കാൻ കർണാടക
text_fieldsബംഗളൂരു: തുളു ഭാഷയെ സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കാൻ കർണാടക സർക്കാർ. ഇതിനായി രൂപവത്കരിച്ച സമിതി ഉടൻ സർക്കാറിന് റിപ്പോർട്ട് നൽകും. നിലവിൽ ഒന്നാം ഔദ്യോഗിക ഭാഷ കന്നടയാണ്.
തുളുവിനെ രണ്ടാം ഭാഷയാക്കാനുള്ള നടപടികൾക്കും ഇക്കാര്യത്തിൽ പഠനം നടത്താനുമായി ഡോ.മോഹൻ ആൽവയുടെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുന്നതെന്നും ഇവർ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുമെന്നും സംസ്ഥാന ഊർജ-സാംസ്കാരിക മന്ത്രി സുനിൽ കുമാർ ട്വീറ്റ് ചെയ്തു.
തുളുവിനെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. ഇത് നടപ്പാക്കുമെന്ന് 2008ൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. ഉഡുപ്പി, മംഗളൂരു ജില്ലകളടക്കം കർണാടകയിലെ തീരദേശ മേഖലകളിലെ വലിയ വിഭാഗം ജനം ഉപയോഗിക്കുന്ന ഭാഷയാണിത്.
രണ്ടാം ഭാഷയായി തുളുവിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കാമ്പയിനുകൾ ഇതിനകം നടന്നിട്ടുണ്ട്. കന്നട, തുളു ഭാഷകൾക്ക് പുറമെ കൊടവ, ബ്യാരി, കൊറഗ ഭാഷകളും കർണാടകയുടെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ 22 ഔദ്യോഗിക ഭാഷകളാണുള്ളത്. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുങ്ക്, ഉർദു, ബോഡോ, സന്താലി, മൈതില, ശദാഗ്രി എന്നിവയാണിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.