കർണാടക വൈദ്യുതി ക്ഷാമത്തിലേക്ക്
text_fieldsബംഗളൂരു: മതിയായ മഴ കിട്ടാത്തതിനാൽ സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേക്ക്. നിലവിൽ 1500 മെഗാവാട്ടിനും 2000 മെഗാവാട്ടിനും ഇടയിൽ വൈദ്യുതി ക്ഷാമമാണ് അനുഭവിക്കുന്നതെന്ന് ഊർജവകുപ്പ് അറിയിച്ചു. ഒക്ടോബർ മാസത്തിൽ അപ്രതീക്ഷിതമായി 15,000 മെഗാവാട്ടിന്റെ ആവശ്യകത വന്നതും തിരിച്ചടിയായി. കരുതൽ ശേഖരം 3000 മില്ല്യൺ യൂനിറ്റായി കുറഞ്ഞിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വാർഷികാവശ്യത്തിന്റെ നാലുശതമാനമാണിത്. മഴ കിട്ടാത്തതിനാൽ കർഷകർ ജലസേചനത്തിനായി വൻതോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടിവന്നതാണ് വൈദ്യുതി ക്ഷാമത്തിന് കാരണമായിരിക്കുന്നത്. സാധാരണ സീസണിന് മുമ്പേ തന്നെ ഇത്തവണ പമ്പുസെറ്റുകൾ ഉപയോഗിച്ചാണ് കർഷകർ ജലസേചനം നടത്തിയത്. മഴ ലഭിച്ചിരുന്നുവെങ്കിൽ ഇത് ആവശ്യമായി വരുമായിരുന്നില്ല. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വൻമഴക്കുറവാണ് കർണാടകയിൽ ഉണ്ടായിരിക്കുന്നത്. ഇതിനാൽ പ്രധാന ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു.
തെക്ക് പടിഞ്ഞാറ് മൺസൂൺ സീസണിൽ മഴ തീരെ കുറഞ്ഞ് ലഭിച്ചതിനാൽ സംസ്ഥാനം വരൾച്ച ഭീഷണിയിലായിരുന്നു. 22 താലൂക്കുകൾ കൂടി വരൾച്ചബാധിതമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ ജലദൗർലഭ്യത്തിന് നേരിയ ശമനമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ വൈദ്യുതി ക്ഷാമം ഒപ്പം വന്നത് തിരിച്ചടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.