അഴിമതി ആരോപണ മുനയിൽ കർണാടക വഖഫ് ബോർഡും
text_fieldsബംഗളൂരു: സിദ്ധരാമയ്യ സർക്കാറിനെതിരെ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കവെ സർക്കാറിനെ പ്രതിരോധത്തിലാക്കി വഖഫ് ബോർഡിലും ഫണ്ട് തിരിമറി.
സംസ്ഥാന സർക്കാർ രണ്ടു തവണയായി വഖഫ് ബോർഡിന് കൈമാറിയ നാലുകോടിയിലേറെ രൂപ മുൻ സി.ഇ.ഒ സുൽഫിഖറുല്ല തിരിമറി നടത്തിയതായാണ് ആരോപണം. വഖഫ് ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് തുക ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും ഇതുമൂലം കഴിഞ്ഞ എട്ടുവർഷത്തിനിടെ പലിശയിനത്തിൽ സംസ്ഥാന ഖജനാവിന് 8.03 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് പരാതി. 2016 നവംബറിലാണ് പ്രസ്തുത സംഭവം. നിലവിലെ സി.ഇ.ഒ മിർ അഹമ്മദ് അബ്ബാസ് നൽകിയ പരാതിയിൽ ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
മുസ്റെ വകുപ്പിൽനിന്ന് ലഭിച്ച 1.79 കോടി രൂപയും കലബുറഗി ദർശയുടെ വഖഫ് ഭൂമി സർക്കാർ ഏറ്റെടുത്ത വകയിൽ ലഭിച്ച 2.29 കോടി രൂപയും വഖഫ് ബോർഡിന്റെ പേരിൽ ബെൻസൺ ടൗണിലെ ഇന്ത്യൻ ബാങ്ക് ശാഖയിൽ നിക്ഷേപിച്ചിരുന്നു. എന്നാൽ, ഇത് പിന്നീട് സുൽഫിഖറുല്ല സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇതു സംബന്ധിച്ച് സുൽഫിഖറുല്ലക്ക് നോട്ടീസ് നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലെന്നതിനാൽ പൊലീസിൽ പരാതി നൽകാൻ കഴിഞ്ഞ ജൂണിൽ ചേർന്ന ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.