കർണാടകയെ മാതൃക സംസ്ഥാനമാക്കും- മുഖ്യമന്ത്രി
text_fieldsബംഗളൂരു: പുരോഗമനത്തിലും ബഹുസ്വരതയിലും വികസനത്തിലും കർണാടകയെ രാജ്യത്തിലെ മാതൃക സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഭരണത്തിൽ കോൺഗ്രസ് സർക്കാർ ആറു മാസം തികച്ചതിന്റെ വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾ നിവർത്തിക്കുന്നതോടൊപ്പം ശോഭന ഭാവിക്കായുള്ള ചുവടുവെപ്പുകളും കോൺഗ്രസ് സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ട് കർണാടകയിലെ ജനങ്ങളെ ശാക്തീകരിക്കുകയും സുസ്ഥിരവും പുരോഗമനപരവുമായ ഭാവി കർണാടകക്ക് ഒരുക്കുകയുമാണ് ലക്ഷ്യം. തങ്ങളുടെ ഭരണം മാതൃകാപരമാണ്. പുതിയ കർണാടകയുടെ മാതൃകയാണിത്- സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ഗുണപരമായി സ്വാധീനിക്കുന്ന അഞ്ചിന സാമൂഹിക സുരക്ഷപദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. വനിതകൾക്കുള്ള സൗജന്യ ബസ് യാത്ര വെറും യാത്രാ സൗജന്യമല്ല. യാത്ര മേഖലയിലും വനിത ശാക്തീകരണത്തിലുമുള്ള നിക്ഷേപം കൂടിയാണ്. ഗൃഹജ്യോതി പദ്ധതിയും അന്നഭാഗ്യയും നിരവധി വീട്ടുകാരുടെ സാമ്പത്തിക ഞെരുക്കത്തെ ലഘൂകരിച്ചു.
ഭക്ഷണവും വൈദ്യുതിയും പോലുള്ളവ എല്ലാവർക്കും ഉറപ്പുവരുത്തുന്നത് അവരുടെ അവകാശമായാണ് കോൺഗ്രസ് സർക്കാർ കാണുന്നത്. ബി.പി.എൽ കുടുംബങ്ങളെ നയിക്കുന്ന വനിതകൾക്ക് അന്തസ്സോടെ പ്രവർത്തിക്കാൻ ഊർജം നൽകുന്നതാണ് ഗൃഹലക്ഷ്മി പദ്ധതി. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിവിധ കേസുകളിൽ അന്വേഷണത്തിന് തുടക്കമിട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.