നിപ മുൻകരുതലിന് മാർഗനിർദേശങ്ങളുമായി കർണാടക
text_fieldsബംഗളൂരു: കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി അയൽ സംസ്ഥാനമായ കർണാടക മാർഗനിർദേശങ്ങൾ പുറത്തിറക്കി. നിപ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അതിർത്തി ജില്ലകളായ ചാമരാജ് നഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നട എന്നിവിടങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. കേരളത്തിൽനിന്നുള്ള യാത്രക്കാർ കർണാടകയിലേക്ക് കടക്കുന്നതോടെ അതിർത്തി ചെക്ക്പോസ്റ്റുകൾക്ക് സമീപം പ്രത്യേകം സജ്ജീകരിച്ച പനി നിരീക്ഷണ കേന്ദ്രങ്ങളിൽ പരിശോധനയുണ്ടാവും. പനിലക്ഷണങ്ങളുള്ളവരെ തടഞ്ഞ് കേരളത്തിലേക്ക് തിരിച്ചയക്കും.
നിപ വൈറസ് പകരാനുള്ള എല്ലാ സാധ്യതകളും മുൻകൂട്ടിക്കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് ജില്ല ഭരണകൂടങ്ങൾക്ക് സർക്കാർ നൽകിയ നിർദേശം. സംശയിക്കപ്പെടുന്ന രോഗികൾക്കായി ജില്ല ആശുപത്രികളിൽ പ്രത്യേകം വാർഡ് ഒരുക്കും. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനവും നൽകും. നിപ വൈറസ് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കും. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ കർണാടകയിലില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. വെറ്ററിനറി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ല റാപിഡ് റെസ്പോൺസ് ടീം രൂപവത്കരിക്കും. നിപ സംശയിക്കപ്പെടുന്ന കേസുകൾ ശ്രദ്ധയിൽപെട്ടാൽ ജില്ല ആരോഗ്യ കുടുംബക്ഷേമ ഓഫിസറെ ഉടൻ വിവരമറിയിക്കണമെന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.