കർണാടകയിൽ ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്തിയേക്കും
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഗോവധ നിരോധന നിയമത്തിൽ കോൺഗ്രസ് സർക്കാർ ഭേദഗതി വരുത്തുമെന്ന് സൂചന. പ്രായമായ കാലികളെ പോറ്റാനും ചത്ത പശുക്കളുടെ ജഡം സംസ്കരിക്കാനുമടക്കം നിയമം കർഷകർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കാലികളുടെ വിൽപനയെയും ഗുരുതരമായി ബാധിച്ചതിനാൽ നിയമം മൂലം കർഷകരുടെ വരുമാനവും ഇല്ലാതായി. ഈ സാഹചര്യത്തിലാണ് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. വെങ്കടേഷ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ‘പോത്തുകളെ അറുക്കാമെങ്കിൽ പശുക്കളെ എന്തുകൊണ്ട് ആയിക്കൂടാ’ എന്ന് അദ്ദേഹം ചോദിച്ചു. നിയമംമൂലം കർഷകർ ദുരിതത്തിലാണെന്നും കഴിഞ്ഞദിവസം തന്റെ ഫാമിൽ ചത്ത പശുവിന്റെ ജഡം സംസ്കരിക്കാൻ താൻ തന്നെ ഏറെ ബുദ്ധിമുട്ടിയെന്നും മന്ത്രി പറഞ്ഞു. 2021ലാണ് ബി.ജെ.പി സർക്കാർ കടുത്ത വകുപ്പുകൾ ചേർത്തുള്ള ഗോവധ നിരോധനനിയമം നടപ്പാക്കിയത്. ഇതിന്റെ ചുവടുപിടിച്ച് ഗോരക്ഷാഗുണ്ടകൾ ഈയടുത്ത് മുസ്ലിം കാലിക്കച്ചവടക്കാരനെ കൊന്നിരുന്നു.
മൃഗസംരക്ഷണ മന്ത്രിക്കെതിരെ ബൊമ്മൈ
ബംഗളൂരു: പോത്തിനെ അറുക്കാമെങ്കിൽ എന്തുകൊണ്ട് പശുവിനെ പറ്റില്ല എന്ന മൃഗസംരക്ഷണ മന്ത്രി കെ. വെങ്കടേശിന്റെ പ്രസ്താവനക്കെതിരെ മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മൈ. ഇന്ത്യക്കാർ പശുവിനെ അമ്മയായി കണ്ട് ആരാധിക്കുന്നവരാണെന്നും മന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും ബൊമ്മൈ ട്വീറ്റ് ചെയ്തു. ആരെ പ്രീതിപ്പെടുത്താനാണ് മന്ത്രി ശ്രമിക്കുന്നത്. രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയാണ് ഗോവധം നിരോധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതെന്നും ബൊമ്മൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.