മയക്കുമരുന്ന് കടത്തിന് പിന്നിൽ ഒത്തുകളി -സ്പീക്കർ
text_fieldsബംഗളൂരു: മയക്കുമരുന്ന് കടത്തിൽ ഡൽഹി കേന്ദ്രീകരിച്ചുള്ള ഒത്തുകളിയിലേക്കാണ് മംഗളൂരു കേസിന്റെ സൂചന ലഭിക്കുന്നതെന്ന് നിയമസഭ സ്പീക്കറും മംഗളൂരു എം.എൽ.എയുമായ യു.ടി.ഖാദർ തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു.
മുകളിൽനിന്ന് താഴോട്ടേക്കുള്ള മയക്കുമരുന്ന് ശൃംഖല വിമാനത്താവള ഒത്തുകളിയിലൂടെയാണ് കർണാടകയിലേക്ക് കടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുന്നതിൽ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പൊലീസ് വകുപ്പിനെയും അവർ നടത്തിയ അക്ഷീണ പരിശ്രമത്തിന് ഞാൻ അഭിനന്ദിക്കുന്നു.
മയക്കുമരുന്ന് മാഫിയക്കെതിരായ സുപ്രധാന നടപടിയാണിത്. പൊലീസിന്റെ സ്ഥിരോത്സാഹവും സൂക്ഷ്മമായ അന്വേഷണവും ശൃംഖലയെ പുറത്തുകൊണ്ടുവരാൻ കാരണമായി- ഖാദർ പറഞ്ഞു. മംഗളൂരു മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമാണെന്ന് മുമ്പ് സംശയിച്ചിരുന്നെങ്കിലും ഡൽഹിയിൽനിന്ന് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കള്ളക്കടത്ത് വഴികളെക്കുറിച്ചും അതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.