കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത കാസർകോട് പൊലീസിന് കർണാടക പൊലീസിന്റെ ആദരം
text_fieldsമംഗളൂരു: നഗരത്തിൽ ഹമ്പന്‍കട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കുത്തിക്കൊന്ന കേസില്‍ കോഴിക്കോട് ജില്ലയിൽ ചേമഞ്ചേരി ചാത്തനാടത്ത് താഴെവീട്ടിൽ പി.പി. ശിഫാസിനെ (33) അറസ്റ്റ് ചെയ്ത കാസർകോട് പൊലീസ് സംഘത്തിന് കർണാടക പൊലീസിന്റെ ആദരം. മംഗളൂരു സിറ്റി പൊലീസ് കമീഷണർ ഓഫിസിൽ നടന്ന ചടങ്ങിൽ കമീഷണർ കുൽദീപ് കുമാർ അനുമോദനപത്രം കൈമാറി. കാസര്‍കോട് ഡിവൈ.എസ്.പി പി.കെ. സുധാകരന്, സിവിൽ പൊലീസ് ഓഫിസർമാരായ റിജേഷ് കാട്ടാമ്പള്ളി, നിജിൻ കുമാർ എന്നിവർ ഏറ്റുവാങ്ങി. ഫെബ്രുവരി മൂന്നിനാണ് അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യ (54) കൊല്ലപ്പെട്ടത്. മാർച്ച് രണ്ടിന് കാസർകോട് ടൗണിൽനിന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായ യുവാവ് 2014 മുതൽ 2019 വരെ ഗൾഫിലായിരുന്നുവെന്ന് കമീഷണർ പറഞ്ഞു.
നാട്ടിലെത്തി മംഗളൂരു സ്വകാര്യ കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിന് ചേർന്നെങ്കിലും രണ്ടാംവർഷം പഠനം നിർത്തി. കൊലപാതകവും കവർച്ചയും ലക്ഷ്യമിട്ട് തന്നെയാണ് പ്രതി ജ്വല്ലറിയിൽ കടന്നതെന്ന് സാഹചര്യത്തെളിവുകൾ സൂചിപ്പിക്കുന്നു. ഒന്നിന് മേലെ മറ്റൊന്നായി ഷർട്ടുകൾ ധരിച്ചത് രക്ഷാമാർഗമാണ്. കേസ് അന്വേഷിച്ച മംഗളൂരു പൊലീസ് സംഘത്തിന് കമീഷണർ 25,000 രൂപ റിവാർഡ് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.