പ്രായം വഴിമാറി; കന്നിയരങ്ങിൽ നിറഞ്ഞാടി രതി നായർ
text_fieldsരതി നായർ കഥകളി അരങ്ങേറ്റവേദിയിൽ സീതയായി വേഷമിട്ടപ്പോൾ. ലവനായി ഗൗരി പാർവതി പാലശ്ശേരിയും കുശനായി മീര മനോജും സമീപം
ബംഗളൂരു: 59ാം വയസ്സിൽ ബംഗളൂരുവിലെ കഥകളിയരങ്ങിൽ രതി നായർ നിറഞ്ഞ കൈയടികളോടെ അരങ്ങേറ്റം. ബംഗളൂരു വിമാനപുരയിലെ കൈരളീ സ്കൂൾ അങ്കണത്തിൽ നടന്ന കഥകളി അരങ്ങേറ്റ ചടങ്ങിലാണ് എട്ടു വിദ്യാഥികളിലൊരാളായി രതി നായരും അരങ്ങേറ്റം കുറിച്ചത്. ചെറുപ്പം മുതലേ കഥകളി അഭിനിവേശമായി കൊണ്ടുനടന്ന കലാസ്നേഹിയായ രതി നായർക്ക് ഇഷ്ട അരങ്ങിലാടാൻ അവസരംകൂടി ലഭിച്ചതോടെ ജീവിതാഭിലാഷം പൂവണിയുകയായിരുന്നു. പ്രമുഖ വേഷം കലാകാരിയായ കലാക്ഷേത്രം പ്രിയ നമ്പൂതിരിയുടെ കീഴിലായിരുന്നു കഥകളി അഭ്യസിച്ചത്.
എട്ടു മുതൽ 20 വയസ്സുവരെയുള്ള കുട്ടികളായിരുന്നു അരങ്ങേറ്റത്തിൽ ഒപ്പമുണ്ടായിരുന്നത്. കുട്ടികൾ കൃഷ്ണ വേഷത്തിൽ അഞ്ചുമുടി പുറപ്പാട് നടത്തിയാണ് അരങ്ങേറ്റം ആരംഭിച്ചത്. അതിനുശേഷം സന്താനഗോപാലത്തിലെ ‘ശ്രീമൽ സഖേ..’ എന്ന പദവുമായി കൃഷ്ണ വേഷത്തിൽ ചിട്ടയായി അവതരിപ്പിച്ചുകൊണ്ട് അരുന്ധതി എന്ന വിദ്യാർഥിയെത്തി. ദുര്യോധന വധത്തിലെ ‘പാർഷതി മമ സഖീ..’ എന്ന പദവുമായി ആകാശ് നരസിപുരയും പിന്നാലെയെത്തി. മൂന്നാമത്തെ കഥാഭാഗമായ ലവണാസുര വധത്തിലെ ‘അനുപമ ഗുണനാകും..’ എന്ന പതിഞ്ഞ പദവുമായി സീതയായി രതി നായർ അരങ്ങിൽ എത്തി.
വേഷം ആടിത്തീർത്തപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നെന്ന് രതി നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘കഥകളി എപ്പോഴും മനസ്സിലുണ്ട്. ചെറുപ്പം മുതൽ കഥകളി ആസ്വാദകയായതുകൊണ്ട് കഥകളും വേഷങ്ങളുമൊക്കെ അറിയാം. മുമ്പൊക്കെ കഥകളി കാണുമ്പോഴും കളിക്കുന്നത് ശീലമായിരുന്നു. മുദ്രകൾ പഠിക്കാൻ കഴിഞ്ഞതോടെ ആസ്വാദനത്തിന്റെ തലം ഉയർന്നു. കഥകളി സൂക്ഷ്മമായി മനസ്സിലാക്കാൻ മുദ്രകൾ പഠിക്കൽ അത്യാവശ്യമാണ്. കഥകളി വേഷത്തിൽ അരങ്ങേറാനായത് ജീവിതത്തിലെ വല്ലാത്തൊരു അനുഭവമായിരുന്നു’- അവർ പറഞ്ഞു.
പാലക്കാട് പുത്തൂർ ചെറുതൊടി കുടുംബാംഗമായ രതി നായർ മൂന്നരപ്പതിറ്റാണ്ടായി പ്രവാസിയാണ്. പൊതുമേഖലാ സ്ഥാപനത്തിലെ ജോലിയുമായി മുംബൈയിലും മധ്യപ്രദേശിലും കുറച്ചുകാലം കഴിഞ്ഞു. ബംഗളൂരുവിലെത്തിയിട്ട് 22 കൊല്ലമായി. ഇപ്പോൾ കുടുംബത്തിനൊപ്പം മത്തിക്കരെയിൽ താമസം. ഇക്കാലയളവിലെല്ലാം കഥകളി ഭ്രമം വിടാതെ കൂടെയുണ്ടായിരുന്നു. പാലക്കാട് പൂത്തൂരിലെ വീടിന് സമീപത്തെ തിരുപുരാക്കൽ ഭഗവതി ക്ഷേത്രത്തിൽ വർഷംതോറും അരങ്ങേറുന്ന കഥകളി കണ്ടാണ് വളർന്നത്.
പ്രവാസ ജീവിതത്തിനിടയിലും ആ ഭ്രമം കൈവിട്ടില്ല. എവിടെ കഥകളി അരങ്ങുണ്ടായാലും എത്ര തിരക്കിനിടയിലും കാണിയായെത്തും. കുറച്ചുവർഷങ്ങൾക്കു മുമ്പ് കലാമണ്ഡലം ഷണ്മുഖൻ ആശാന്റെ കീഴിൽ ഓൺലൈൻ കഥകളി പഠനം തുടങ്ങി. പിന്നീട് കലാമണ്ഡലം മനോജ് ആശാന്റെ കീഴിൽ കോഴിക്കോട് തോടയം ഗ്രൂപ് സംഘടിപ്പിച്ച മുദ്ര പഠനം പരിശീലിച്ചു. ബംഗളൂരുവിൽ പ്രിയാ നമ്പൂതിരി ക്ലാസ് തുടങ്ങിയതോടെ നേരിട്ട് കഥകളി പഠനം എന്ന മോഹം സാധ്യമായി. വൈദ്യുതി മന്ത്രാലയത്തിന്റെ കീഴിൽ പൊതുമേഖല സ്ഥാപനത്തിൽ ഉന്നത പദവി വഹിക്കുന്നതോടൊപ്പം തന്നെ, തന്റെ കഥകളി സ്നേഹം മുന്നോട്ടുകൊണ്ട് പോകാനും പ്രത്യേകം ശ്രദ്ധിച്ചു.
പാലക്കാട് കഥകളി ട്രസ്റ്റിന്റെയും ബാംഗ്ലൂർ ക്ലബ് ഓഫ് കഥകളി ആൻഡ് ആർട്സിന്റെയും ആദ്യകാലം മുതൽ മെംബറാണ്. പ്രിയാ നമ്പൂതിരിയുടെതന്നെ ശിഷ്യരായ അച്യുത് വാരിയർ (ദ്രൗപദി) , ഡോ. ലൈല രാമചന്ദ്രൻ (അർജുനൻ), മീര മനോജ് (കുശൻ), ഗൗരി പാർവതി പാലശ്ശേരി (ലവൻ) എന്നിവരായിരുന്നു ആട്ടക്കഥകളിൽ മറ്റു കൂട്ട് വേഷങ്ങൾ ചെയ്തത്. സുരേഷ് തോട്ടറയും സംഘവും വേഷം പകർന്നു നൽകി. അഭിജിത് വർമയും നവീൻ രുദ്രനും ചേർന്ന് ആലപിച്ച പദങ്ങളും കലാമണ്ഡലം സുഹാസിന്റെ ചെണ്ടയും കലാമണ്ഡലം ശ്രീജിത്തിന്റെ മദ്ദളവും അരങ്ങിനു കൊഴുപ്പേകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.