കാവേരി; 8000 ക്യുസെക്സ് ജലം തമിഴ്നാടിന് വിട്ടുനൽകും -മുഖ്യമന്ത്രി
text_fieldsബംഗളൂരു: അയൽ സംസ്ഥാനമായ തമിഴ്നാടിന് 8000 ക്യുസെക്സ് ജലം കാവേരി നദിയിൽ നിന്ന് വിട്ടു നൽകാൻ കർണാടക സന്നദ്ധമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജൂലൈ അവസാനം വരെ തമിഴ്നാടിന് പ്രതിദിനം ഒരു ടി.എം.സി കാവേരി നദീജലം വിട്ടുനൽകണമെന്ന കാവേരി ജല നിയന്ത്രണ അതോറിറ്റിയുടെ (സി.ഡബ്ല്യു.ആർ.സി) നിർദേശത്തിന് ബദലായാണ് കർണാടകയുടെ നിർദേശം. ഇതുസംബന്ധിച്ച് ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് കർണാടക നിലപാട് പ്രഖ്യാപിച്ചത്.
കാവേരി നദിയിലെ അണക്കെട്ടിൽ 63 ശതമാനം ജലം മാത്രമാണുള്ളതെന്നും ഈ സാഹചര്യത്തിൽ ദിനംപ്രതി ഒരു ടി.എം.സി ജലം നൽകാനാവില്ലെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു ടി.എം.സി ജലം എന്നാൽ, 11500 ക്യുസെക്സ് ജലമാണ്. എന്നാൽ, 8000 ക്യുസെക്സ് ജലം മാത്രമേ തമിഴ്നാടിന് വിട്ടുനൽകാനാവൂ എന്നതാണ് എല്ലാ പാർട്ടികളുടെയും തീരുമാനം. തമിഴ്നാടിന് ജലം വിട്ടുനൽകില്ലെന്ന് കർണാടക പറയില്ല. അത് കാവേരി ട്രൈബ്യൂണലിനോടുള്ള അനാദരവാകും. 8000 ക്യുസെക്സ് ജലം നൽകാൻ ഞങ്ങൾ തയാറാണ്. നല്ല മഴ ലഭിച്ചാൽ ഒരു ടി.എം.സി ജലം നൽകാനാവും. മഴ കുറഞ്ഞാൽ വിട്ടു നൽകുന്ന ജലത്തിന്റെ അളവും കുറക്കും. ഇതുസംബന്ധിച്ച് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയിൽ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാധാരണ ജൂൺ മാസത്തിൽ 9.14 ടി.എം.സി ജലവും ജൂലൈയിൽ 31.24 ടി.എം.സി ജലവും തമിഴ്നാടിന് വിട്ടുനൽകേണ്ടതുണ്ട്. കബനി ഡാമിൽ അധിക ജലം സംഭരിക്കാൻ ശേഷിയില്ലാത്തതിനാൽ കഴിഞ്ഞ വെള്ളിയാഴ്ച 20,000 ക്യുസെക്സ് ജലവും ശനിയാഴ്ച 19,000 ക്യുസെക്സ് ജലവും ബിലിഗുണ്ട്ലുവിലൂടെ തമിഴ്നാടിലേക്ക് ഒഴുക്കിയിരുന്നു. കാവേരി നദീതടത്തിലെ നാല് റിസർവോയറുകളിലുമായി ആകെ 60 ടി.എം.സി അടി വെള്ളം മാത്രമേ ലഭ്യമായുള്ളൂ. സംസ്ഥാനത്തെ കാർഷിക പ്രവർത്തനങ്ങൾക്കും കുടിവെള്ള ഉപയോഗത്തിനും ഇതിൽനിന്ന് വെള്ളം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിമാർ, സംസ്ഥാനത്തെ ലോക്സഭാ, രാജ്യസഭാ അംഗങ്ങൾ, കാവേരി നദീതട മേഖലയിലെ എം.എൽ.എമാർ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് ആർ. അശോക, ജെ.ഡി-എസ് എം.എൽ.എ ജി.ടി. ദേവഗൗഡ, മുൻ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, എം.പിമാർ, എം.എൽ.എമാർ, കർഷക പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.