കാവേരി ജലവും ഓണ്‍ലൈനാകുന്നു
text_fieldsബംഗളൂരു: നഗരത്തില്‍ കാവേരി വെള്ളം ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സംവിധാനം മാര്‍ച്ച് അവസാനത്തോടെ നടപ്പില്‍ വരുമെന്ന് ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലെ ആന്‍ഡ് സീവേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) അറിയിച്ചു. പൈപ്പ് വെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ വെള്ളം മിതമായ നിരക്കില്‍ ടാങ്കറുകളിൽ ലഭ്യമാക്കുകയും സ്വകാര്യ ടാങ്കറുകളുടെ അമിത നിരക്ക് തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ് എന്നിവ മുഖേന കാവേരി ജലം ബുക്ക് ചെയ്യാം. 24 മണിക്കൂര്‍ മുമ്പ് ബുക്ക് ചെയ്യണം. രാവിലെ ആറ് മുതല്‍ രാത്രി 10 മണി വരെ വെള്ളം വിതരണം ചെയ്യും. പൈലറ്റ് പദ്ധതി ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മാര്‍ച്ച് അവസാനത്തോടെ ഉദ്ഘാടനം ചെയ്യും.
പൈപ്പ് വെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. പദ്ധതി തുടങ്ങുന്നതിനായി ജി.പി.എസ് ഘടിപ്പിച്ച 200 ടാങ്കറുകള്‍ ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു. 6000 മുതല്‍ 12,000 ലിറ്റര്‍ വരെ സംഭരണ ശേഷിയുള്ള ടാങ്കറുകളാണിവ. ദിവസവും എട്ട് ട്രിപ്പുകള്‍ നടത്തും. ടാങ്കറുകളില്‍ ജി.പി.എസ് ഘടിപ്പിച്ചതിനാല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ ഉപഭോക്താവിന് സാധിക്കും.
ഒ.ടി.പി വെരിഫിക്കേഷന് നടത്തി ഒ.ടി.പി നമ്പര്‍ ഡ്രൈവര്‍ക്ക് കൈമാറിയാല്‍ മാത്രമേ വെള്ളം ലഭ്യമാവുകയുള്ളൂ. വെള്ളത്തിന്റെ വിലയും വെള്ളമെത്തിക്കുന്നതിനുള്ള നിരക്കും സോഫ്റ്റ് വെയര്‍ മുഖേന മുന്‍കൂട്ടി നിശ്ചയിക്കും. നഗരത്തിലെ 100 കാവേരി പോയന്റുകളില്‍ നിന്നാണ് വെള്ളം എടുക്കുക. ബി.ഐ.എസ് നിലവാരമുള്ള കാവേരി വെള്ളമാണ് വിതരണം ചെയ്യുക.
ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ 50 പോയന്റുകളില്‍ വെള്ളം ലഭ്യമാക്കും. ടാങ്കറുകളിൽ സ്ഥാപിച്ചിട്ടുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ഐ.ആര്.എഫ്.ഐ.ഡി) സംവിധാനം അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് മീറ്റര്‍ ഉള്ളതിനാല്‍ ഓര്‍ഡര്‍ ചെയ്ത അളവിനനുസരിച്ചുള്ള വെള്ളം ഉപഭോക്താവിന് ലഭിക്കുകയും വെള്ളം ലഭിച്ച ഉടന്‍ ഓട്ടോമേറ്റഡ് ബില്‍ ലഭിക്കുകയും ചെയ്യും. പണം ആപ് മുഖേന അടക്കാം. ബംഗളൂരുവിന്റെ കിഴക്കൻ മേഖലയില്‍ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. സ്വകാര്യ ജല ടാങ്കറുകള്‍ മാഫിയയായി മാറിയ സാഹചര്യമാണുള്ളത്.
വെള്ളത്തിന് ജനങ്ങളില്‍ നിന്നും ഇരട്ടി തുകയാണ് പലരും ഈടാക്കുന്നത്. ഇതോടെ സാധാരണക്കാർ പ്രയാസപ്പെടുന്നതിനാൽ കാവേരി ജലം വീടുകളില്‍ എത്രയും വേഗം എത്തിക്കണമെന്നും സര്‍ക്കാര്‍ സൗജന്യമായി കുടിവെള്ളം എത്തിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ നിയമസഭാ കൗൺസിലിലെ ശൂന്യവേളയില്‍ എം.എല്‍.സി രാമോജി ഗൗഡ നിര്‍ദേശിച്ചിരുന്നു. ബംഗളൂരുവില്‍ വെള്ളക്കരം ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും ജനങ്ങളില്‍ ജല സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടി ആവിഷ്കരിക്കാന്‍ തീരുമാനിച്ചതായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നിയമസഭാ കൗൺസിലിൽ മറുപടിയും അറിയിച്ചിരുന്നു.
വർഷത്തിൽ 1000 കോടിയോളം രൂപ നഷ്ടത്തിലാണ് ബി.ഡബ്ല്യു.എസ്.എസ്.ബി പ്രവർത്തിക്കുന്നതെന്നും 2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ വൈദ്യുതി ബില്‍ 107.3 ശതമാനവും പ്രവര്‍ത്തന ചെലവുകള്‍ 122.5 ശതമാനവും ശമ്പളം, പെന്ഷന് എന്നീ നിലയില്‍ 61.3 ശതമാനവും വര്‍ധനവുണ്ടായി. ഇതിനാൽ, ബി.ഡബ്ല്യു.എസ്.എസ്.ബി യിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനും വൈദ്യുതി ബില്‍ അടക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്ന് അധികൃതർ പറഞ്ഞു.
വേനല്‍ കനത്തതോടെ വീടുകളില്‍ കാവേരി വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാവേരി അഞ്ചാംഘട്ട പദ്ധതി അടുത്തിടെ ആരംഭിച്ചിരുന്നു. പദ്ധതി പ്രകാരം ബംഗളൂരുവിന് സമീപത്തെ 110 ഗ്രാമങ്ങൾക്കാണ് വെള്ളം എത്തിക്കുന്നത്. പദ്ധതിക്കായി പ്രതിമാസം 40 കോടി രൂപയുടെ അധിക ചെലവാണ് വരുന്നത്. ഇത് ബി. ഡബ്ല്യു.എസ്.എസ്.ബിയുടെ പ്രതിമാസ ചെലവ് 210 കോടി രൂപയാക്കി. കാവേരിയുടെ ആറാം ഘട്ട പദ്ധതിയും തയാറായിക്കഴിഞ്ഞതായി ബി.ഡബ്ല്യു.എസ്.എസ്.ബി ചെയര്മാന് രാം പ്രശാന്ത് മനോഹര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.