കാവേരി വെള്ളം തമിഴ്നാടിന്; 26ന് ബംഗളൂരുവിൽ ബന്ദ്
text_fieldsബംഗളൂരു: കാവേരി നദിയിൽനിന്ന് കർണാടക തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യൂ.എം.എ) ഉത്തരവിനെതിരെ സെപ്റ്റംബർ 26ന് വിവിധ സംഘടനകൾ ബംഗളൂരുവിൽ ബന്ദ് നടത്തും.
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. കർഷകർ സംഘടനകളും ബി.ജെ.പിയും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. ഡ്രൈവേഴ്സ് യൂനിയനുകളും ബന്ദ് നടത്തുമെന്നതിനാൽ ജനജീവിതം തടസ്സപ്പെടും.
സ്കൂളുകൾ, കോളജുകൾ, ഐ.ടി കമ്പനികൾ തുടങ്ങിയവയോട് അവധി പ്രഖ്യാപിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കന്നഡിഗരുടെ അവകാശങ്ങൾക്കായാണ് ബന്ദെന്ന് നേതാക്കൾ പറഞ്ഞു. വിഷയത്തിൽ കർഷകസംഘടനകൾ ശനിയാഴ്ച മാണ്ഡ്യയിൽ നടത്തിയ ബന്ദ് പൂർണമായിരുന്നു. കാവേരിയുടെ ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന മാണ്ഡ്യയിലും മദ്ദൂറിലും കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. കാവേരി ഹിതരക്ഷണ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
മൈസൂരു, ചാമരാജ്നഗർ, രാമനഗര ജില്ലകളിലും ബന്ദിന് സമാനമായ അന്തരീക്ഷമായിരുന്നു. മറ്റ് ജില്ലകളായ ചിത്രദുർഗ, ബെള്ളാരി, ദേവനഗരെ, കൊപ്പാൾ, വിജയപുര എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു.സെപ്റ്റംബർ 13 മുതൽ 27വരെ 15 ദിവസത്തിൽ കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്നാണ് സി.ഡബ്ല്യൂ.എം.എ ഉത്തരവ്. ഇതിനെതിരെ കർഷകസംഘടനകളടക്കം സമരത്തിലാണ്.
സംസ്ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കർണാടകയുടെ ഹരജി പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.