ഉപതെരഞ്ഞെടുപ്പും ‘മുഡ’ കേസും; കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചർച്ച നടത്തി
text_fieldsബംഗളൂരു: കോൺഗ്രസ് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ എന്നിവരുമായി ചർച്ച നടത്തി.
അടുത്തമാസം 13ന് ചന്നപട്ടണ, ഷിഗോൺ, സന്ദൂർ നിയമസഭ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്, മുഖ്യമന്ത്രി ഒന്നാം പ്രതിയായ ‘മുഡ’ ഭൂമി ഇടപാട് കേസ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ചർച്ച.
മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന നടന്ന ഭൂമി ഇടപാടിന്റെ പേരിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി-ജെ.ഡി.എസ് സഖ്യം പ്രക്ഷോഭത്തിലാണ്.
മുഖ്യമന്ത്രി പദവി ഒഴിയണമെന്ന് അഭിപ്രായമുള്ള വിഭാഗം കോൺഗ്രസിലുമുണ്ട്. മുഡ ചെയർമാൻ കെ. മാരി ഗൗഡ ബുധനാഴ്ച സ്ഥാനം രാജിവെച്ചിരുന്നു. രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടശേഷമാണ് ബംഗളൂരുവിൽ നഗരവികസന പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയത്.
മുഖ്യമന്ത്രി ഒന്നാം പ്രതിയായി ലോകായുക്ത രജിസ്റ്റർ ചെയ്ത കേസിൽ അദ്ദേഹത്തിന്റെ ഭാര്യ ബി.എം. പാർവതിയാണ് രണ്ടാം പ്രതി. ഭാര്യാ സഹോദരൻ ബി.എം. മല്ലികാർജുന സ്വാമി, ഭൂ ഉടമ ജെ. ദേവരാജു എന്നിവർ യഥാക്രമം മൂന്നും നാലും പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.