കൊമ്പന്മാരെത്തി കണ്ഠീരവയിൽ ഇന്ന് കാത്തിരുന്ന പോരാട്ടം
text_fieldsബംഗളൂരു: ബംഗളൂരുവിലെ മലയാളി ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന മത്സരത്തിന് ശനിയാഴ്ച വൈകീട്ട് 7.30ന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പന്തുരുളും. ഐ.എസ്.എല്ലിൽ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ ബംഗളൂരു എഫ്.സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം ഇരു ടീമുകളുടെയും ആരാധകരിലും ആവേശത്തിര തീർക്കും.
കൊച്ചിയിലെ ഹോം മൈതാനത്തേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ആരാധകക്കൂട്ടം ഒഴുകിയെത്തുന്നതുപോലെ കണ്ഠീരവയിലേക്കും മഞ്ഞപ്പടയെത്തും. ബംഗളൂരുവിന്റെ ഹോം മത്സരങ്ങളിൽ നിറഞ്ഞ ഗാലറിയിൽ നടക്കുന്ന ഏക കളിയും ബംഗളൂരു എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് മത്സരമാണ്.
ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് കണ്ഠീരവയുടെ മണ്ണിൽ ഒരു വിജയം നേടാനായിട്ടില്ലെന്ന സങ്കടം ആരാധകരായ മഞ്ഞപ്പടയുടെ ഉള്ളിലുണ്ട്. ഓരോ തവണയും ബ്ലാസ്റ്റേഴ്സ് കണ്ഠീരവയിൽ തോൽക്കുമ്പോൾ ബംഗളൂരു എഫ്.സി ആരാധകർ തീർക്കുന്ന കൂക്കിവിളിയുടെയും തെറിവിളിയുടെയും പരിഹാസത്തിന്റെയും നടുക്കാണ് മഞ്ഞപ്പടയും മടങ്ങാറ്. ഇത്തവണ കൊച്ചിയിലെ ഹോം മത്സരത്തിലും തോറ്റതോടെ എതിർ ടീമിന്റെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ പൊങ്കാലയിടുകയായിരുന്നു.
ഐ.എസ്.എൽ കിരീടമണിഞ്ഞില്ലെങ്കിലും കണ്ഠീരവയിൽ ഒരു ജയം മതിയെന്നാണ് ചില ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കമന്റ്. എന്നാൽ, എത്ര തോൽവിക്കിടയിലും ടീമിനെ ഹൃദയപക്ഷത്തുനിന്ന് പിന്തുണക്കുമെന്ന് മഞ്ഞപ്പട ബംഗളൂരു വിങ് അംഗങ്ങൾ പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കൽ സ്റ്റാറെയെയും ശിഷ്യന്മാരെയും മഞ്ഞപ്പട ബംഗളൂരു വിങ്ങിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
ശനിയാഴ്ച വൈകീട്ട് സ്റ്റേഡിയത്തിലെത്തുമ്പോഴും താരങ്ങൾക്ക് വരവേൽപ് നൽകും. മറുവശത്ത് ബംഗളൂരു എഫ്.സിയുടെ ആരാധകക്കൂട്ടമായ വെസ്റ്റ്ബ്ലോക്ക് ബ്ലൂസും മത്സരം ആഘോഷമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മഞ്ഞപ്പടയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ഹോം, എവേ ഗാലറികളിലുയർത്തുന്ന ബാനറുകളും ശ്രദ്ധേയമാവും.
കളത്തിനു പുറത്തെ വീറും വാശിയുമെല്ലാം ബാനറുകളിലും ടീമിനെ പ്രോത്സാഹിപ്പിക്കാനായി ചൊല്ലുന്ന ചാന്റ്സുകളിലും പ്രകടമാവും. ഗാലറിയിൽ ആവേശം കൈയാങ്കളിയിലേക്ക് നീങ്ങാതിരിക്കാൻ സന്നാഹങ്ങളുമായി കൂടുതൽ പൊലീസും സുരക്ഷാ ഗാർഡുകളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.