കൊമ്പൻ x ദി ബ്ലൂസ് പോരാട്ടം; നഗരം ഫുട്ബാൾ ലഹരിയിൽ
text_fieldsബംഗളൂരു: നഗരത്തെ ഫുട്ബാൾ ആവേശത്തിന്റെ ലഹരിയിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലെ പോരാട്ടം. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകീട്ട് 7.30ന് കിക്കോഫ് വിസിൽ മുഴങ്ങുന്ന മത്സരത്തിന്റെ എല്ലാ ഒരുക്കവും പൂർത്തിയായി. ഇരു ടീമുകളും വെള്ളിയാഴ്ച പരിശീലനം നടത്തി. നേരത്തെയുള്ള ഷെഡ്യൂളിൽനിന്ന് മാറി ഒരു ദിവസം നേരത്തെ ബംഗളൂരുവിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീം വെള്ളിയാഴ്ച വൈകീട്ട് യെലഹങ്കയിലെ ഡെക്കാൻ എഫ്.സി ഗ്രൗണ്ടിൽ പരിശീലനം നടത്തി. ബ്ലാസ്റ്റേഴ്സ് ടീം സഞ്ചരിച്ച വിമാനം വെള്ളിയാഴ്ച രാവിലെയാണ് എത്തേണ്ടിയിരുന്നത്. എന്നാൽ, എയ്റോ ഇന്ത്യ പ്രദർശനവുമായി ബന്ധപ്പെട്ട് സൈനിക വിമാനങ്ങളുടെ പരിശീലനപ്പറക്കൽ നടക്കുന്നതിനാൽ വിമാനസമയം പുനഃക്രമീകരിച്ചതോടെ ടീം ഒരു ദിവസം നേരത്തെ ലാൻഡ് ചെയ്തു. ബംഗളൂരുവിൽ ഒരു ദിവസം പരിശീലനത്തിന് ഇതോടെ അവസരം ലഭിച്ചു.
പരിശീലന ഗ്രൗണ്ടിൽവെച്ച് മഞ്ഞപ്പട ബംഗളൂരു അംഗങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് സ്വീകരണം നൽകി. പരിശീലകൻ ഇവാൻ വുകുമനോവിച്ചിനും കളിക്കാർക്കും പ്രത്യേകം ഉപഹാരങ്ങൾ കൈമാറി. മഞ്ഞപ്പട അംഗം ആർട്ടിസ്റ്റ് പെൻസിലാശാൻ രൂപകൽപന ചെയ്ത മെമന്റോയാണ് കോച്ച് ഇവാൻ വുകുമനോവിച്ചിന് നൽകിയത്. ശനിയാഴ്ചത്തെ മത്സരം ആഘോഷമാക്കാനും ടീമിന് വൻ പിന്തുണ ഉറപ്പാക്കാനും മഞ്ഞപ്പട ശ്രമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകീട്ട് അഞ്ചോടെ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ഒത്തുകൂടുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർ ബാനറുകളും പോസ്റ്ററുകളുമായി ആവേശപൂർവം ടീമിന് ചന്റ്സ് പാടി സ്റ്റേഡിയത്തിലേക്ക് നീങ്ങും. വയനാട്, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽനിന്ന് മഞ്ഞപ്പട അംഗങ്ങൾ പ്രത്യേകം ഏർപ്പെടുത്തിയ ബസിലാണ് എത്തുന്നത്. മഞ്ഞപ്പടയുടെ ബംഗളൂരുവിലെ മുന്നൊരുക്കത്തിൽ ബ്ലാസ്റ്റേഴ്സ് കോച്ച് ആരാധകരെ അഭിനന്ദിച്ചിരുന്നു.
ഗാലറി ആവേശത്തിൽ മുങ്ങുമ്പോൾ മൈതാനത്ത് ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം ഏതു രീതിയിലാവുമെന്ന വിലയിരുത്തലിലാണ് ആരാധകർ. പോയന്റ് പട്ടികയിൽ എട്ടാമതുള്ള ചെന്നൈയെ അവസാന കളിയിൽ 2-1ന് തോൽപിച്ചെങ്കിലും ആധികാരികമല്ലാത്ത ആ ജയം ആരാധകർക്ക് അത്ര ആശ്വാസം നൽകുന്നതായിരുന്നില്ല. കളിയുടെ രണ്ടാം മിനിറ്റിൽ ഓപൺ പ്ലേയിൽനിന്ന് ഗോൾ വഴങ്ങേണ്ടി വന്നത് പ്രതിരോധത്തിലെ ദൗർബല്യം വെളിപ്പെടുത്തുന്നു.
അഡ്രിയാൻ ലൂണയിലും ദിമിത്രിയോസ് ഡയമന്റക്കോസിലുമാണ് ആരാധകരുടെ പ്രതീക്ഷ. വീണുകിട്ടിയ അവസരം ഒന്നാന്തരമായി ഫിനിഷ് ചെയ്താണ് ചെന്നൈക്കെതിരെ ലൂണ സമനില ഗോൾ നേടിയത്. അവസരങ്ങൾ മുതലെടുക്കാൻ കെ.പി. രാഹുലിനും കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സ് മിന്നും. മധ്യനിരയിൽ ഇവാൻ കല്യുഷ്നിയുടെ മിന്നൽ പിണർ ഷോട്ടുകൾ മിസാണ്.
മധ്യനിരയിൽനിന്ന് കൂടുതൽ ഗോൾ സംഭാവനകൾ ആരാധകർക്ക് പ്രതീക്ഷിക്കുന്നു. സീസണിന്റെ തുടക്കത്തിൽ കാണിച്ച ഫോം കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ സഹലിൽ നിന്ന് ലഭിക്കാതായതോടെ പകരം ബ്രെയ്സ് മിറാൻഡയെ കോച്ച് ഇവാൻ വുകുമനോവിച്ച് പരീക്ഷിച്ചിരുന്നു. തരക്കേടില്ലാത്ത പ്രകടനമാണ് ബ്രെയ്സിന്റേത്. ചെന്നൈക്കെതിരെ അനാവശ്യമായി മഞ്ഞക്കാർഡ് ചോദിച്ചുവാങ്ങിയ സഹലിന് പകരം ബംഗളൂരുവിനെതിരെ ബ്രെയ്സ് ആദ്യ ഇലവനിലിറങ്ങാനും സാധ്യതയുണ്ട്. ബംഗളൂരു നിരയിൽനിന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറിയ ഡാനിഷിനും പഴയ തട്ടകത്തിൽ കോച്ച് അവസരം നൽകിയേക്കും.
മറുവശത്താകട്ടെ മധ്യനിരയെ ശക്തിപ്പെടുത്തി ഫോർവേഡുകൾക്ക് മികച്ച പിന്തുണയൊരുക്കാൻ ബംഗളൂരു കോച്ച് സൈമൺ ഗ്രേയ്സൺ ടീമിന്റെ ശൈലിയും മാറ്റിപ്പണിതതാണ് നിർണായകമായത്. 3-4-3 ലൈനപ്പിൽ കളിച്ചിരുന്ന ടീം റോയ് കൃഷ്ണയും ശിവശക്തിയും ആക്രമണം നയിക്കുന്ന 2-5-3 ലൈനപ്പിലേക്ക് മാറിയതോടെ സ്കോറർമാരുടെ എണ്ണം കൂടി. ഫോർവേഡുകൾക്കു പുറമെ മധ്യനിരയിൽ യാവി ഹെർണാണ്ടസും രോഹിത് കുമാറും അപകടകാരികളായി. ഒരുപോലെ കയറിയിറങ്ങി കളിക്കുന്ന റോഷൻ സിങ് നയോറമും സുരേഷ് സിങ് വാങ്ജമും പന്തെത്തിക്കുന്നതിൽ പ്രധാനികളായി. അസാമാന്യ പ്രതിഭയുള്ള ഛേത്രിയെ പോലൊരാൾ ബെഞ്ചിലുള്ളതു തന്നെയാണ് തങ്ങളുടെ ശക്തിയെന്ന് കോച്ച് പറയുന്നു. ബംഗളൂരുവിന്റെ സ്വന്തം മൈതാനമായ കണ്ഠീരവയിൽ അത്ര മികച്ച ട്രാക്ക് റെക്കോഡല്ല കൊമ്പന്മാർക്കുള്ളത്. എന്നാൽ, ഗാലറി നിറഞ്ഞാടുന്ന ആരാധകർക്കു മുന്നിൽ ഇരു ടീമുകളും ബൂട്ടുകെട്ടുമ്പോൾ കളി മുറുകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.