‘മാന്ത്രിക അരി’യുമായി കേരള പവിലിയൻ; ധാന്യ-ജൈവമേള ഇന്ന് സമാപിക്കും
text_fieldsബംഗളൂരു: അന്താരാഷ്ട്ര ധാന്യ വർഷാചരണത്തോടനുബന്ധിച്ച് കർണാടക സർക്കാർ സംഘടിപ്പിക്കുന്ന രാജ്യാന്തര ധാന്യ-ജൈവമേള ഞായറാഴ്ച സമാപിക്കും. ബംഗളൂരു പാലസ് മൈതാനിയിലെ ത്രിപുരവാസിനിയിൽ നടക്കുന്ന മേള പുതുസംരംഭങ്ങൾകൊണ്ടും വൈവിധ്യമേറിയ ഉൽപന്നങ്ങൾകൊണ്ടും ശ്രദ്ധേയമായി. കേരള പവിലിയനിൽ ആലുവയിലെ ഗവ. വിത്തുൽപാദന ഫാമിൽ കൃഷി ചെയ്തെടുത്ത ‘മാന്ത്രിക അരി’ (മാജിക് റൈസ്) എന്നു വിളിക്കപ്പെടുന്ന കുമോൾ സോൾ പ്രദർശനത്തിൽ കാണികൾക്ക് പരിചയപ്പെടുത്തി.
അരമണിക്കൂർ നേരം പച്ചവെള്ളത്തിലിട്ടുവെച്ചാൽ ചോറായി മാറുന്ന കുമോൾ സോളിന്റെ സ്വദേശം അസമിലെ മജൂളിയാണ്. പാചകം ചെയ്യേണ്ട ആവശ്യമില്ലാത്ത ഈ അരി യാത്രയിലും മറ്റും ഉപയോഗിക്കാമെന്ന് സീഡ് ഫാം അധികൃതർ പറഞ്ഞു. ജപ്പാൻ വയലറ്റ്, രക്തശാലി അരികളും വിവിധ നെൽവിത്തുകളും സ്റ്റാളിലുണ്ട്.
കേരള കൃഷിമന്ത്രി പി. പ്രസാദ് ശനിയാഴ്ച കേരള പവിലിയൻ സന്ദർശിച്ചു. പുകയില ഉപയോഗിച്ച് അർബുദം വരുന്നതിനേക്കാൾ കൂടുതലാണ് തെറ്റായ ഭക്ഷണരീതികൊണ്ടുള്ള രോഗസാധ്യതയെന്നും ആരോഗ്യകരമായ ഭക്ഷണരീതി പരിശീലിക്കണമെന്നും ചക്കയും ചെറുധാന്യങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കി ശീലിക്കണമെന്നും മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി ട്രൈബൽവാലി ഫാർമേഴ്സ് പ്രൊഡ്യൂസ് കമ്പനിയുടെ ഉൽപന്നങ്ങളും അട്ടപ്പാടി ട്രൈബൽ ഫാർമേഴ്സ് അസോസിയേഷൻ ഫോർ മില്ലറ്റ്സിന്റെ വിവിധ ധാന്യ ഉൽപന്നങ്ങളും വിൽപനക്കായുണ്ട്. കൊച്ചി സ്വദേശി മനുവിന്റെ ചക്കക്കൂട്ടം എന്ന സംരംഭം ചക്കയിൽനിന്നുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ ഒരുക്കിയിട്ടുണ്ട്.
നാല് കാറ്റഗറികളിലായി വിവിധ ഉൽപന്നങ്ങളുമായി ടാറ്റ സോളിന്റെ സ്റ്റാളും പ്രദർശനത്തിലുണ്ടായിരുന്നു. ബംഗളൂരു മലയാളികൾ 2012ൽ രജിസ്റ്റർ ചെയ്ത കൊട്ടാരം അഗ്രോ ഫുഡ്സ് ആണ് 2021 ഫെബ്രുവരിയിൽ ടാറ്റ കൺസ്യൂമേഴ്സ് ഏറ്റെടുത്തത്. ധാന്യങ്ങൾ മാത്രം ഫോക്കസ് ചെയ്ത ഉൽപന്നങ്ങൾ നാലുലക്ഷത്തിലേറെ ഔട്ട്ലറ്റുകളിൽ നിലവിൽ ലഭ്യമാണെന്ന് സി.ഇ.ഒയും എം.ഡിയുമായ പ്രശാന്ത് പരമേശ്വരൻ, സി.എം.ഒ രാധിക പ്രശാന്ത്, സി.ഒ.ഒ അമിത് സെബാസ്റ്റ്യൻ എന്നിവർ ചൂണ്ടിക്കാട്ടി.
കർണാടക പവിലിയനിൽ ജൈവപച്ചക്കറികൾ മുതൽ ലഭ്യമാണ്. മഹാരാഷ്ട്രയിലെ കോലാപൂരിൽനിന്നുള്ള വനിത സംരംഭകർ ജോവർ ഉൽപന്നങ്ങളുമായാണ് മേളയിലെത്തിയത്. ജൈവ വിത്തുകൾ, കുടകിൽനിന്നുള്ള കാപ്പി ഉൽപന്നങ്ങൾ, കാർഷിക ഉപകരണങ്ങൾ, സംസ്കരണ യന്ത്രങ്ങൾ, ഭക്ഷ്യശാലകൾ തുടങ്ങി 300ലേറെ സ്റ്റാളുകളിലായാണ് പ്രദർശനം. വിവിധ വിഷയങ്ങളിൽ സെമിനാറുകളും ബിസിനസ് സംരംഭകരുടെയും കർഷകരുടെയും കൂടിക്കാഴ്ചകളും നടന്നു. ഞായറാഴ്ച രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് മേളയിൽ സന്ദർശനസമയം. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.