സംസ്കാരവും മാനവീയതയും ചർച്ച ചെയ്ത് സാഹിത്യ സംവാദം: കേരള സമാജം ദൂരവാണിനഗർ ഓണാഘോഷ സമാപനം ഇന്ന്
text_fieldsബംഗളൂരു: പഴയകാലത്തേതുപോലെ വിമർശനങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കാത്ത സാമൂഹിക സാഹചര്യമാണ് നിലവിലുള്ളതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യസംവാദത്തിൽ 'സംസ്കാരം - മാനവീയത' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുകുമാർ അഴീക്കോടൊക്കെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഇന്ന് അത്തരത്തിൽ പറയാൻ കഴിയുന്നില്ല. രാഷ്ട്രീയ സാഹചര്യങ്ങൾ ഇതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നവോത്ഥാനത്തിലും സംസ്കാരത്തിലും കവിതകൾ നൽകിയ സംഭാവന ഏറെ വലുതാണ്. എല്ലായിടത്തുമെന്നപോലെ സാഹിത്യത്തെയും സംസ്കാരത്തെയും മൂല്യശേഷണം ബാധിച്ചിട്ടുണ്ട്. മനുഷ്യൻ അടിസ്ഥാനപരമായി നന്മയുള്ളവനാണ്. നിലവിൽ അന്തരീക്ഷം കലുഷിതമാണെങ്കിലും അടുത്ത തലമുറയിലെങ്കിലും നന്മ പുലരുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലും സംസ്കാരത്തിലും സവർണമനോഭാവം ജനങ്ങളുടെ മനസ്സിൽ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിട്ടുണ്ടെന്ന് പ്രമുഖ എഴുത്തുകാരി ഡോ. ഖദീജ മുംതാസ് പറഞ്ഞു. സവർണചിന്ത മനസ്സുകളെ കീഴടക്കി. ഇത്തരം മാനസികാവസ്ഥ അധീശത്വം നേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് രാമമൂർത്തി നഗർ എ.ആർ.ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു പരിപാടി. ജനറൽ സെക്രട്ടറി അഡ്വ. രാധാകൃഷ്ണൻ ആലപ്ര റിപ്പോർട്ട് അവതരിപ്പിച്ചു.
എഴുത്തുകാരി പ്രഫ. രേഖ മേനോൻ, സമാജത്തിന്റെ മുൻ പ്രസിഡന്റും എഴുത്തുകാരനുമായ. എം.എസ് ചന്ദ്രശേഖരൻ, പ്രശസ്ത വിവർത്തകനും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിഷ്ണുമംഗലം കുമാർ, എഴുത്തുകാരനായ കെ.ആർ. കിഷോർ, എഴുത്തുകാരനും പു.ക.സ ബംഗളൂരുവിന്റെ പ്രസിഡന്റുമായ സുരേഷ് കോടൂർ, നടനും എഴുത്തുകാരനും നിരവധി ദേശീയ അന്തർദേശീയ പുരസ്കാരജേതാവുമായ എ.കെ. വത്സലൻ എന്നിവർ പങ്കെടുത്തു. ഡെന്നിസ് പോൾ അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്റ് എസ്.കെ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് എം.പി. വിജയൻ നന്ദിയും പറഞ്ഞു. സംഘടന ഒരുമാസമായി നടത്തിവന്ന ഓണാഘോഷ പരിപാടികൾക്ക് ഞായറാഴ്ച തിരശ്ശീല വീഴും. രാവിലെ 9.30ന് പരിപാടികൾ ആരംഭിക്കും. ശേഷം വിവിധ കലാപരിപാടികൾ. പതിനൊന്നര മുതൽ രണ്ടുമണിവരെ ഓണസദ്യ. ഉച്ചക്കുശേഷം മൂന്നുമുതൽ നാലുവരെ സുമേഷ് അയിരൂരിന്റെ മധുമൊഴി അരവിന്ദം സംഗീത പരിപാടി. നാലുമണിക്ക് നടക്കുന്ന പൊതുചടങ്ങിൽ കർണാടക നഗര വികസനമന്ത്രി ബൈരതി ബസവരാജ് മുഖ്യാതിഥിയായിരിക്കും. എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ഖദീജ മുംതാസ്, പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ ബിനീഷ എന്നിവർ പങ്കെടുക്കും. ആറുമുതൽ കനൽ മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.