വിവർത്തകൻ കെ.കെ. ഗംഗാധരൻ ബംഗളൂരുവിൽ അന്തരിച്ചു
text_fieldsബംഗളൂരു: പ്രമുഖ എഴുത്തുകാരനും വിവർത്തകനുമായ കെ.കെ. ഗംഗാധരൻ (79) ബംഗളൂരുവിൽ അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് ബംഗളൂരു എം.എസ്. രാമയ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കരൾ - വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം സാഹിത്യ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിരുന്നു. തെരഞ്ഞെടുത്ത മലയാള ചെറുകഥകളുടെ കന്നഡ പരിഭാഷക്കായിരുന്നു പുരസ്കാരം. കാസർകോട് കാറഡുക്ക സ്വദേശിയാണ്. വർഷങ്ങളായി ബംഗളൂരുവിലെ മഗഡി റോഡിലാണ് കുടുംബ സമേതം താമസം.
എം.ടി, ടി. പദ്മനാഭൻ, മാധവിക്കുട്ടി എന്നിവരുടേതടക്കം മലയാളത്തിൽനിന്ന് നിരവധി കൃതികൾ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദ്രാവിഡ ഭാഷാ വിവർത്തക സംഘം (ഡി.ബി.ടി.എ) അംഗമാണ്. റെയിൽവേയുടെ തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന കെ.കെ. ഗംഗാധരൻ വിരമിച്ച ശേഷം മുഴുസമയ വിവർത്തകനായി പ്രവർത്തിക്കുകയായിരുന്നു.
ഭാര്യ: രാധ. മകൻ: ശരത്കുമാർ (സോഫ്റ്റ് വെയർ എൻജിനീയർ, ബംഗളൂരു). മരുമകൾ: രേണുക. അന്ത്യാഭിലാഷ പ്രകാരം മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി വിട്ടുനൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.