കെ.ആർ പുരം-ബൈയപ്പനഹള്ളി, ചല്ലഘട്ട-കെങ്കേരി മെട്രോ പാതകൾ ഈ മാസം തുറക്കും
text_fieldsബംഗളൂരു: നമ്മ മെട്രോയുടെ കെ.ആർ പുരം-ബൈയപ്പനഹള്ളി, ചല്ലഘട്ട-കെങ്കേരി പാതകളിൽ ആഗസ്റ്റ് അവസാനത്തോടെ മെട്രോ ഓട്ടം തുടങ്ങുമെന്ന് പ്രതീക്ഷ. ഈ പാതകളിൽ റെയിൽവേ സുരക്ഷ കമീഷണറുടെ പരിശോധന അടുത്തയാഴ്ച ആരംഭിക്കും. ഇരു പാതകളിലും പരീക്ഷണയോട്ടം തുടങ്ങിയിരുന്നു. സുരക്ഷ കമീഷണറുടെ അനുമതി ലഭിക്കുന്നതോടെ ആഗസ്റ്റ് അവസാനത്തോടെ പൊതുജനങ്ങൾക്കായി സർവിസ് നടത്താനുള്ള ഒരുക്കം അവസാനഘട്ടത്തിലാണ്. 2.5 കിലോമീറ്ററാണ് കെ.ആർ പുരം-ബൈയപ്പനഹള്ളി പാതക്ക്. ഇതിൽ ബെന്നിഗനഹള്ളി സ്റ്റേഷനും 1.5 കിലോമീറ്റർ വരുന്ന കെങ്കേരി-ചല്ലഘട്ട പാതയിൽ ചല്ലഘട്ട സ്റ്റേഷനും മാത്രമാണ് പ്രവർത്തനസജ്ജമാകാനുള്ളത്. രണ്ടു പാതകൾകൂടി തുറക്കുന്നതോടെ പർപ്പിൾ ലൈനിൽ 42.53 കി.മീറ്റർ ദൂരം 1.20 മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കും. ഇത്രയും ദൂരം സഞ്ചരിക്കാൻ 60 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.
കെ.ആർ പുരം-ബൈയപ്പനഹള്ളി പാതയിൽ റെയിൽവേ പാളത്തിന് മുകളിൽ നിർമിച്ച ബെന്നിഗനഹള്ളി പാലത്തിലൂടെയുള്ള പരീക്ഷണ ഓട്ടം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഇരുപാളങ്ങളിലൂടെയും ഒരേസമയം രണ്ട് ട്രെയിനുകൾ ഓടിച്ചായിരുന്നു പരീക്ഷണം. ഈ പാലം നിർമാണമാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷന് (ബി.എം.ആർ.സി) ഈ പാതയിലെ പ്രധാന പ്രതിസന്ധി സൃഷ്ടിച്ചത്.
ബംഗളൂരു-ചെന്നൈ റെയിൽപാതക്ക് മുകളിൽകൂടിയാണ് ഈ പാലം നിർമിച്ചത്.
ട്രെയിനുകൾ പോകുന്നതിന്റെ ഇടവേളകളിൽ മാത്രമാണ് പ്രവൃത്തികൾ നടത്താനായത്. 63.22 മീറ്റർ നീളം വരുന്ന പാലം നിർമാണം ഒരു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.
കെങ്കേരി-ചല്ലഘട്ട 1.5 കിലോമീറ്റർ പാതയിലും മെട്രോ പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു. ബംഗളൂരു-മൈസൂരു ദേശീയപാതയോട് ചേർന്നുള്ള ചല്ലഘട്ട സ്റ്റേഷന്റെ നിർമാണ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്. സിഗ്നലിങ് പ്രവൃത്തികളുടെ ഭാഗമായി തിങ്കളാഴ്ച വിജയനഗർ-കെങ്കേരി പാതയിൽ രാവിലെ അഞ്ചു മുതൽ ഏഴ് വരെ ട്രെയിൻ സർവിസ് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.