കെ.ആർ പുരം-വൈറ്റ്ഫീൽഡ് മെട്രോ: സുരക്ഷ പരിശോധന പൂർണം
text_fieldsബൈയപ്പനഹള്ളി-കെ.ആർ പുരം പാത നിർമാണം അന്തിമ ഘട്ടത്തിൽ
ബംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിന്റെ ഭാഗമായ കെ.ആർ പുരം -വൈറ്റ്ഫീൽഡ് പാതയിൽ സുരക്ഷ പരിശോധന പൂർത്തിയായി. മെട്രോ റെയിൽവേ സുരക്ഷ കമീഷണർ (സി.എം.ആർ.എസ്) അഭയ് കുമാർ റായിയുടെ നേതൃത്വത്തിൽ 13.71 കിലോമീറ്റർ പാതയിലും അനുബന്ധ സ്റ്റേഷനുകളിലും മറ്റും മൂന്നു ദിവസത്തെ പരിശോധനയാണ് നടത്തിയത്. മെട്രോ പാത യാത്രക്കായി തുറന്നുനൽകുന്നതിന് മുന്നോടിയായുള്ള നിർണായക പരിശോധനയാണ് പൂർത്തിയായത്. ഇതോടെ കെ.ആർ പുരം മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള പാതയിൽ മാർച്ചിൽ മെട്രോ സർവിസ് ആരംഭിച്ചേക്കും. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈ മേഖലയിൽ ഇത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാവും.
പാതയിലൂടെയുള്ള വൈദ്യുതി പ്രസരണം, സിഗ്നൽ സംവിധാനങ്ങളുടെ കാര്യക്ഷമത, വളവുകളുടെ പരിധി, മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സ്റ്റേഷനുകളിൽ രാത്രിയിലെ ലൈറ്റ് സംവിധാനം തുടങ്ങിയവയാണ് പരിശോധനവിധേയമാക്കിയത്. ബൈയപ്പനഹള്ളിയിലെ ഓപറേഷനൽ കൺട്രോൾ സെന്ററും മെട്രോ റെയിൽവേ സുരക്ഷ കമീഷണർ പരിശോധിച്ചു.
നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പർപ്പിൾ ലൈനിൽ ബൈയപ്പനഹള്ളി മുതൽ വൈറ്റ് ഫീൽഡ് വരെ പാത നിർമാണം ആരംഭിച്ചത്. ബൈയപ്പനഹള്ളി കഴിഞ്ഞാൽ ബന്നിഗനഹള്ളി, കെ.ആർ പുരം, മഹാദേവപുര, ഗരുഡാചരപാളയ, ഹൂഡി ജങ്ഷൻ, സീതാരാമ പാളയ, കുന്ദലഹള്ളി, നല്ലൂർ ഹള്ളി, സാദരമംഗല, പട്ടന്തൂർ അഗ്രഹാര, കാഡുഗൊഡി, ചന്നസാന്ദ്ര, വൈറ്റ്ഫീൽഡ് എന്നിവയാണ് സ്റ്റേഷനുകൾ.
ഇതിൽ കെ.ആർ പുരം മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള പാത നിർമാണം പൂർത്തിയായെങ്കിലും ബൈയപ്പനഹള്ളി മുതൽ കെ.ആർ പുരം വരെയുള്ള 2.5 കിലോമീറ്റർ പാത നിർമാണം അന്തിമ ഘട്ടത്തിലാണ്. ഈ പാത ബംഗളൂരു- സേലം റെയിൽപാതയെ മുറിച്ചു കടന്നുപോകുന്നതിനാൽ മേൽപാലത്തിന് റെയിൽവേയുടെ അനുമതി വൈകിയതോടെ പ്രവൃത്തിയും നീളുകയായിരുന്നു. അടുത്തിടെ അനുമതി ലഭിച്ചതോടെ ട്രാക്കിൽ ഓപൺ വെബ് ഗിർഡർ (ഒ.ഡബ്ല്യു.ജി) സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ ട്രാക്കുകൾ സ്ഥാപിച്ച് രണ്ടു മാസത്തിനകം പരീക്ഷണ ഓട്ടം ആരംഭിച്ചേക്കും. സുരക്ഷ പരിശോധന പൂർത്തിയാക്കി ഈ വർഷം മധ്യത്തോടെ കെ.ആർ പുരം -ബൈയപ്പനഹള്ളി പാതയും സർവിസിനായി തുറന്നുനൽകാനാണ് ബി.എം.ആർ.സി.എൽ നീക്കം.
കെ.ആർ പുരം, വൈറ്റ് ഫീൽഡ് മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യം നമ്മ മെട്രോ ഏർപ്പെടുത്തും. സ്റ്റേഷനുകൾക്കു സമീപം സർവിസ് റോഡ് നിർമിക്കുകയും ബി.എം.ടി.സി ബസുകൾക്ക് പാർക്കിങ്ങിനായി ബസ് ബേ ഒരുക്കുകയും ചെയ്യും. വൈറ്റ് ഫീൽഡ്, കെ.ആർ പുരം മെട്രോ സ്റ്റേഷനുകളെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് നടപ്പാലവും ബി.എം.ആർ.സി.എൽ നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.