കെ.എസ്.ആർ ബംഗളൂരു, യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കും
text_fieldsബംഗളൂരു: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ കെ.എസ്.ആർ ബംഗളൂരു, യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കാനൊരുങ്ങി റെയിൽവേ. യഥാക്രമം 300 കോടിയും 500 കോടിയും എസ്റ്റിമേറ്റ് തുക കണക്കാക്കുന്ന പദ്ധതികൾ പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിനുകളെ ഉൾക്കൊള്ളാനാവും. പുതിയ പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതോടെ കൃത്യ സമയം പാലിക്കാനും പുതിയ ട്രെയിൻ സർവിസുകൾ തുടങ്ങാനും കഴിയും.
നിലവിൽ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്റ്റേഷനുകൾ ദിനംപ്രതി ഇരുന്നൂറിലധികം ട്രെയിനുകളും മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെയും കൈകാര്യം ചെയ്യുന്നുണ്ട്. പ്ലാറ്റ്ഫോമുകളുടെ എണ്ണം വർധിപ്പിക്കലാണ് ഏക മാർഗം. കെ.എസ്.ആർ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകളും യശ്വന്ത്പുരിൽ നാലെണ്ണവുമാണ് അധികമായി നിർമിക്കുന്നത്. പുതിയ പ്ലാറ്റ്ഫോമുകളുടെ നിർമാണം കൂടാതെ സ്റ്റേഷനിലുള്ള മറ്റു പ്രശ്നങ്ങൾ പരിഹരിക്കാനും വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കടക്കം സൗകര്യമൊരുക്കാനും ദക്ഷിണ പശ്ചിമ റെയിൽവേ ലക്ഷ്യമിടുന്നു.
പദ്ധതിക്കായി റെയിൽവേയുടെ കൈവശമുള്ള ഭൂമിയാണ് ഉപയോഗപ്പെടുത്തുകയെന്നും നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടി വരുന്നത് യാത്രക്കാർക്ക് താൽക്കാലികമായി അസൗകര്യമുണ്ടാകുമെന്നും ഡിവിഷനൽ റെയിൽവേ മാനേജർ യോഗേഷ് മോഹൻ പറഞ്ഞു. വന്ദേഭാരത്, സബർബൻ ട്രെയിനുകൾക്കായി കേൻറാൺമെൻറ്, എസ്.എം.വി.ടി സ്റ്റേഷനുകളെ കൂടുതൽ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവനഹള്ളിയിൽ മെഗാ ടെർമിനൽ നിർമിക്കാനും റെയിൽവേ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.