കർണാടകയിൽ വരുമാനത്തിൽ കുക്കെ സുബ്രഹ്മണ്യക്ഷേത്രം മുന്നിൽ; കൊല്ലൂർ രണ്ടാമത്
text_fieldsമംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം എന്ന ഖ്യാതി ദക്ഷിണ കന്നട ജില്ലയിലെ കുക്കെ സുബ്രഹ്മണ്യക്ഷേത്രം പതിമൂന്നാം വർഷവും നിലനിർത്തി.
146.01 കോടി രൂപയാണ് പുതിയ വരുമാനക്കണക്ക്. കഴിഞ്ഞ വർഷം ഇത് 123 കോടിയായിരുന്നു. ഭൂരിഭാഗവും കേരളത്തിൽനിന്നുള്ള തീർഥാടകർ സന്ദർശിച്ച് കാണിക്കയർപ്പിക്കുന്ന ഉഡുപ്പി ജില്ലയിലെ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിനാണ് വരുമാനത്തിൽ രണ്ടാം സ്ഥാനം-68.23 കോടി രൂപ. കർണാടക നിയമസഭ പാസാക്കിയ ബിൽ പ്രകാരം ഈ വരുമാനത്തിെൻറ 10 ശതമാനം സർക്കാറിന് നികുതിയായി ലഭിക്കേണ്ടതായിരുന്നു.
എന്നാൽ, കർണാടകയിൽ വരുമാനത്തിൽ മുന്നിലുള്ള ക്ഷേത്രങ്ങളിൽനിന്ന് നികുതി പിരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഹിന്ദുമത സ്ഥാപന- ചാരിറ്റബ്ൾ എൻഡോവ്മെൻറ് ബിൽ ഗവർണർ ഒപ്പിടാതെ സർക്കാറിലേക്ക് മടക്കിയ അവസ്ഥയിലാണ്. ബി.ജെ.പി ഈ ബില്ലിനെതിരാണ്.കഴിഞ്ഞ ഫെബ്രുവരി മൂന്നാം വാരത്തിലാണ് ഇതുസംബന്ധിച്ച ബിൽ സിദ്ധരാമയ്യ സർക്കാർ പാസാക്കിയത്. കോടിയോ അതിലധികമോ വാർഷിക വരുമാനമുള്ള ക്ഷേത്രങ്ങൾ 10 ശതമാനവും 10 ലക്ഷം മുതൽ കോടി വരെ വരുമാനമുള്ള ക്ഷേത്രങ്ങൾ അഞ്ചു ശതമാനവും നികുതി നൽകണമെന്നാണ് ബില്ലിലെ വ്യവസ്ഥ. സംസ്ഥാനത്തെ വരുമാനം കുറവുള്ള മറ്റു ക്ഷേത്രങ്ങളിലെ 40,000 പൂജാരിമാരുടെ ജീവിതനിലവാരം മെച്ചെപ്പടുത്താനും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ഈ തുക വിനിയോഗിക്കുന്നതിലൂടെ ഈ മേഖലയിൽ നിലനിൽക്കുന്ന അന്തരം കുറക്കുകയാണ് സർക്കാർ ബില്ലിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ, ബില്ലിനെതിരെ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും രംഗത്തുവരുകയായിരുന്നു.
ക്ഷേത്രങ്ങൾക്കുമേലുള്ള സർക്കാറിെൻറ കടന്നുകയറ്റമായാണ് പ്രതിപക്ഷം ബില്ലിനെ വ്യാഖ്യാനിച്ചത്. നിയമസഭയിൽ ബിൽ പാസായെങ്കിലും ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ ബി.ജെപിയും ജെ.ഡി-എസും ഒന്നിച്ചെതിർത്തതോടെ ബിൽ തള്ളിയിരുന്നു. എന്നാൽ, ബിൽ വീണ്ടും നിയമസഭയിൽ പാസാക്കിയെടുത്ത സിദ്ധരാമയ്യ സർക്കാർ, ബി.ജെ.പിയുടെ പ്രതിഷേധ വാക്കൗട്ടിനിടെ കൗൺസിലിലും പാസാക്കി. തുടർന്ന് അന്തിമാനുമതിക്കായി ഗവർണർക്ക് കൈമാറുകയായിരുന്നു. കർണാടകയിൽ ക്ഷേത്ര ഭരണ വകുപ്പായ മുസ്റെക്ക് കീഴിൽ 35,000 ക്ഷേത്രങ്ങളാണുള്ളത്. ഇതിൽ 205 ക്ഷേത്രങ്ങൾ 25 ലക്ഷത്തിലധികം രൂപ വാർഷിക വരുമാനമുള്ളവയാണ്. ഇവയെ ‘എ’ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അഞ്ചു മുതൽ 25 ലക്ഷം വരെ വാർഷിക വരുമാനമുള്ള 139 ക്ഷേത്രങ്ങൾ ‘ബി’ ഗണത്തിലും അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ള 34,000 ക്ഷേത്രങ്ങൾ ‘സി’ വിഭാഗത്തിലുമാണുള്ളത്.സിദ്ധാരാമയ്യ സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയതിനെത്തുടർന്ന് കർണാടകയിൽ എല്ലാ തീർഥാടന കേന്ദ്രങ്ങളിലും സ്ത്രീ ഭക്തരുടെ സന്ദർശനം വർധിച്ചതായാണ് കണക്ക്. ക്ഷേത്രങ്ങളിലെ ഭണ്ഡാര വരവിലും ഇത് വർധനവ് വരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.