കരാറുകാരന്റെ ഫ്ലാറ്റിൽനിന്ന് കണ്ടെടുത്തത് ഭൂമി കച്ചവടത്തിന്റെ പണമെന്ന് മകൻ
text_fieldsബംഗളൂരു: കരാറുകാരന്റെ ഫ്ലാറ്റിൽനിന്ന് ആദായ നികുതി വകുപ്പ് കണ്ടെടുത്ത കോടികളുടെ നോട്ടുകെട്ടുകൾ ഭൂമി കച്ചവടത്തിൽനിന്ന് ലഭിച്ചതാണെന്ന് മകൻ.
കഴിഞ്ഞ ദിവസമാണ് കരാറുകാരുടെ സംസ്ഥാന സംഘടനയുടെ വൈസ് പ്രസിഡന്റും ബി.ബി.എം.പി കരാറുകാരുടെ സംഘടനയുടെ പ്രസിഡന്റുമായ ആർ. അംബികാപതിയുടെ ഫ്ലാറ്റിന്റെ കിടക്കയുടെ അടിയിൽനിന്ന് 40 കോടിയിലധികം രൂപയുടെ നോട്ടുകെട്ടുകൾ 20 കാർഡ്ബോർഡ് പെട്ടികളിലാക്കി സൂക്ഷിച്ച നിലയിൽ അധികൃതർ കണ്ടെടുത്തത്. ആർ.ടി നഗറിനടുത്ത ആത്മാനന്ദ കോളനിയിലെ ഫ്ലാറ്റിൽനിന്നായിരുന്നു ഇത്. ഇതുവരെ ആരും താമസത്തിന് എടുക്കാത്ത ഫ്ലാറ്റാണിത്. ഈപണം അടുത്തിടെ നടത്തിയ സ്ഥലക്കച്ചവടത്തിൽനിന്ന് ലഭിച്ച പണമാണെന്നും ഇക്കാര്യം ഉടൻ ആദായനികുതി വകുപ്പ് അധികൃതരെ അറിയിക്കുമെന്നും ഇദ്ദേഹത്തിന്റെ മകൻ എ. പ്രദീപ് പറഞ്ഞു. പിടിച്ചെടുത്ത തുക എസ്.ബി.ഐയിലാണ് അധികൃതർ സൂക്ഷിച്ചിരിക്കുന്നത്. സ്വർണാഭരണങ്ങൾ, മറ്റ് വിലപടിപ്പുള്ള വസ്തുക്കൾ, നിരവധി രേഖകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ 15 വർഷത്തോളമായി പ്രദീപിന്റെ കമ്പനി സജീവമാണ്. തന്നെയും തന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയെയും കുടുക്കാനാണ് റെയ്ഡ് നടന്നിരിക്കുന്നത്. പണം കമ്പനിയുടേതാണ്. പിതാവിനെ ഇതിലേക്ക് വലിച്ചിഴക്കരുത്. ഒക്ടോബർ 17ന് ഹാജരാകാൻ ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും നേരിട്ട് ഈ വിവരങ്ങൾ കൈമാറുമെന്നും പ്രദീപ് പറഞ്ഞു. ഈയടുത്ത് നടന്ന ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണിത്. അതിന്റെ എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നും എല്ലാ സംശയങ്ങളും നേരിട്ട് ഹാജരായി ദൂരീകരിക്കുമെന്നും പ്രദീപ് പറഞ്ഞു. അതേസമയം, പണം പിടികൂടിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പട്ടു.
കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ 40 ശതമാനം കമീഷൻ ആരോപണം ഉന്നയിച്ചതിന്റെ മുൻപന്തിയിൽ നിന്നയാളാണ് ആർ. അംബികാപതി. മുൻ മന്ത്രി മുനിരത്നക്കെതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ ഇയാൾ അറസ്റ്റിലുമായിരുന്നു. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുള്ള ഇത്തരം റെയ്ഡുകൾ സാധാരണമാണെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ റെയ്ഡുകൾ ഉണ്ടാകാറിെല്ലന്നുമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.