ദേശീയപാത മണ്ണിടിച്ചിലിൽ 15 പേർ മരിച്ചതായി സംശയം; പുറത്തെടുത്തത് ഏഴ് മൃതദേഹങ്ങൾ
text_fieldsമംഗളൂരു: ഉത്തര കന്നട ജില്ലയിൽ ഷിറൂർ അങ്കോളയിലെ ദേശീയപാത 66ൽ ചൊവ്വാഴ്ച മണ്ണിടിഞ്ഞ് ഒഴുകിപ്പോയവരിൽ 15 പേരുണ്ടെന്ന് ആശങ്ക. വ്യാഴാഴ്ച പുറത്തെടുത്ത മൂന്ന് ഉൾപ്പെടെ ഏഴ് മൃതദേഹങ്ങളാണ് ഇതിനകം കണ്ടെത്തിയത്. സംഭവശേഷം കാണാതായവർ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടിരിക്കാമെന്നാണ് പ്രദേശവാസികൾ പൊലീസിനോട് പറയുന്നത്. ടൺ കണക്കിന് മണ്ണ് ഒരുമിച്ച് ഒഴുകിയെത്തി ഗംഗാവാലി നദിയിൽ തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ ആളുകൾ അകപ്പെട്ടിരിക്കാമെന്നാണ് ആശങ്ക. ഏഴുപേരാണ് ചൊവ്വാഴ്ച അപകടത്തിൽപെട്ടതെന്നായിരുന്നു ആദ്യ വിവരം. റോഡരികിൽ താമസിച്ച് ഹോട്ടൽ നടത്തിവന്ന കെ. ലക്ഷ്മണ നായ്ക (47), ഭാര്യ ശാന്തി നായ്ക (36), ഇവരുടെ മക്കളായ റോഷൻ (11), അവന്തിക (ആറ്), സഹായി സി. ജഗന്നാഥ് (55), എം. മുരുഗൻ (45), കെ.സി. ചിന്ന(55) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.
തമിഴ്നാട് സ്വദേശികളായ മുരുഗനും ചിന്നയും മണ്ണിടിഞ്ഞ സമയം ദേശീയപാതയിലൂടെ വന്ന ടാങ്കർ ലോറി ഡ്രൈവർമാരാണ്. ടാങ്കർ ലോറി മണ്ണിനൊപ്പം കുത്തൊഴുക്കിൽപെട്ടു. സംഭവസ്ഥലത്തുനിന്ന് 40 കിലോമീറ്ററോളം അകലെ ഗോകർണ മേഖലയിൽ ഗംഗാവാലി നദിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.