കുടകിൽ സംപാജെ ചുരത്തിൽ രാത്രി യാത്രക്ക് നിരോധനം
text_fieldsബംഗളൂരു: കനത്ത മഴയെതുടർന്ന് കുടകിൽ ദേശീയപാത 275ൽ മണ്ണിടിച്ചിൽ രൂപപ്പെട്ടതിനാൽ സംപാജെ-മടിക്കേരി പാതയിൽ കർതൊജി മേഖലയിൽ രാത്രി യാത്ര ഗതാഗതം നിരോധിച്ചു. തിങ്കളാഴ്ചവരെ രാത്രി എട്ടുമുതൽ രാവിലെ ആറുവരെയാണ് ഗതാഗതം നിരോധിച്ചതെന്ന് ജില്ല കമീഷണർ വെങ്കട് രാജ അറിയിച്ചു. കനത്ത മഴയെതുടർന്ന് പാതയുടെ അരികിലെ കുന്ന് ഇടിഞ്ഞുതുടങ്ങിയ സാഹചര്യത്തിൽ ദേശീയപാത മടിക്കേരി സബ്ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അടിയന്തര സേവനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമുള്ള വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല. കുടകിലൂടെ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന വാഹനങ്ങൾ രാത്രിയാത്രക്ക് ചർമാടി ചുരം വഴിയുള്ള പാത ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
കുടകിലെ മടിക്കേരിയിൽനിന്ന് മൈസൂരു, ബംഗളൂരു മേഖലകളിലേക്കുള്ള പ്രധാന പാത സംപാജെ ചുരം വഴിയാണ് കടന്നുപോകുന്നത്. സമാന്തര പാതയായി ഉപയോഗിക്കുന്ന ഷിരദി ചുരത്തിലും മണ്ണിടിച്ചിലുണ്ടായതിനെതുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.