ഭാഷാ വിവാദ അക്രമം; കർണാടക- മഹാരാഷ്ട്ര ബസ് സർവിസുകൾ നിർത്തിവെച്ചു
text_fieldsപുണെയിൽ കെ.എസ്.ആർ.ടി.സി ബസ് ആക്രമിക്കപ്പെട്ടപ്പോൾ
ബംഗളൂരു: ബെളഗാവിയിൽ കന്നട, മറാത്ത ഭാഷ വിവാദത്തെതുടർന്ന് വിവിധയിടങ്ങളിൽ സംസ്ഥാന ബസ് സർവിസുകൾക്കു നേരെ അക്രമമുണ്ടായതിനെ ത്തുടർന്ന് കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കിടയിൽ സർക്കാർ ബസ് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഭാഷ വിഷയത്തിൽ ബെളഗാവിയിൽ സ്ഥിതി വഷളായ സാഹചര്യമാണ്.
മറാത്ത ഭാഷ അറിയില്ലെന്നതിന്റെ പേരിൽ വെള്ളിയാഴ്ച കർണാടക ആർ.ടി.സി കണ്ടക്ടർക്ക് ബെളഗാവി മരിഹാലിൽ മറാത്ത വാദികളിൽനിന്ന് മർദനമേറ്റതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. യാത്രക്കാരിയായ പെൺകുട്ടി മറാത്തിയിൽ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ തനിക്ക് മറാത്തി അറിയില്ലെന്നും കന്നടയിൽ സംസാരിക്കാനും കണ്ടക്ടർ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനിടയാക്കിയത്. പെൺകുട്ടിയും സുഹൃത്തും ചേർന്ന് തന്നെ ബസിൽ മർദിച്ചതായും ബസ് മരിഹാൽ എത്തിയപ്പോൾ മറ്റൊരു സംഘം യുവാക്കളെത്തി മർദിച്ചതായും കണ്ടക്ടർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പെൺകുട്ടി പ്രായപൂർത്തിയാവാത്തയാളായതിനാൽ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ കണ്ടക്ടർക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തതായി ബെളഗാവി പൊലീസ് കമീഷണർ യാദ മാർട്ടിൻ മാരബാനിയങ് പറഞ്ഞു.
കർണാടക ആർ.ടി.സി ബസിലെ കണ്ടക്ടർക്ക് മർദനമേറ്റതിന് പകരമായി വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ചിത്രദുർഗയിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (എം.എസ്.ആർ.ടി.സി) ബസിലെ ഡ്രൈവർക്കുനേരെ കന്നട അനുകൂല വാദികളുടെ ആക്രമണം അരങ്ങേറി. ബംഗളൂരു- മുംബൈ റൂട്ടിൽ സർവിസ് നടത്തുന്ന ബസിലെ ഡ്രൈവർ ഭാസ്കർ ജാദവാണ് ചിത്രദുർഗ ഹിരിയൂരിൽ ആക്രമിക്കപ്പെട്ടത്. ആക്രമികൾ ഇയാളുടെ മുഖത്തും ദേഹത്തും ബസിലും കരിഓയിൽ തേക്കുകയായിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട ചിലർ അറസ്റ്റിലായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് കർണാടകയിലേക്കുള്ള എം.എസ്.ആർ.ടി.സി സർവിസുകൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. ഡ്രൈവർ ഭാസ്കർ ജാദവിനെ ഫോണിൽ വിളിച്ച മന്ത്രി പ്രതാപ് സർനായിക്, മഹാരാഷ്ട്ര സർക്കാർ കൂടെയുണ്ടെന്ന് അറിയിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ പുണെയിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (കെ.എസ്.ആർ.ടി.സി) അംബാരി ലക്ഷ്വറി ബസിനു നേരെ ശിവസേന പ്രവർത്തകരുടെ ആക്രമണം അരങ്ങേറി. ബസിൽ കറുത്ത സ്പ്രേ പെയിന്റടിച്ച ആക്രമികൾ ‘ജയ് മഹാരാഷ്ട്ര’, ‘മറാത്തി’ , ‘മഹാരാഷ്ട്ര നവനിർമാൺ സേന’ എന്നീ മുദ്രാവാക്യങ്ങൾ എഴുതി. സംഭവത്തിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി പുണെ ഡി.സി.പി സമർഥാന പാട്ടീൽ സംഭവത്തെതുടർന്ന് മഹാരാഷ്ട്രയിലേക്കുള്ള സർവിസുകളുടെ എണ്ണം കെ.എസ്.ആർ.ടി.സി ചുരുക്കി. സാഹചര്യം നിരീക്ഷിച്ച ശേഷം സർവിസുകൾ പഴയപടി പുനഃസ്ഥാപിക്കുമെന്ന് നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ലിയു.കെ.ആർ.ടി.സി) ഉദ്യോഗസ്ഥൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.