അവസാന സെഷൻ നിയമസഭ ഇന്ന്, സാമാജികർ പ്രചാരണ തിരക്കിൽ
text_fieldsബംഗളൂരു: പതിനഞ്ചാമത് കർണാടക നിയമസഭയുടെ അവസാന സെഷൻ വെള്ളിയാഴ്ച നടക്കും. എന്നാൽ, സാമാജികരുടെ പ്രാതിനിധ്യം വളരെ കുറവായിരിക്കും. എം.എൽ.എമാരും നേതാക്കളുമായ വിവിധ പാർട്ടികളുടെ സാമാജികർ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്.
ഇതിനാൽ ഇവർ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ല. ഏപ്രിലിലോ മേയിലോ ആയിരിക്കും സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 11 ദിവസം നീളുന്ന അവസാന സെഷൻ ഗവർണർ തവാർചന്ദ് ഗഹ് ലോട്ടിന്റെ പ്രസംഗത്തോടെയായിരിക്കും തുടങ്ങുക.
ഫെബ്രുവരി 17ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കും. വെള്ളിയാഴ്ചത്തെ ഗവർണറുടെ പ്രസംഗം കേൾക്കാൻ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉണ്ടാകില്ല. വടക്കൻ കർണാടകയിൽ നടക്കുന്ന കോൺഗ്രസിന്റെ ‘പ്രജധ്വനി’യാത്രയുടെ തിരക്കിലാണ് അദ്ദേഹം.
ജെ.ഡി.എസ് നേതാവ് കുമാരസ്വാമി പാർട്ടിയുടെ ‘പഞ്ചരത്ന രഥയാത്ര’യിൽ സജീവമായതിനാൽ അദ്ദേഹവും അവസാന സെഷനിൽ പങ്കെടുക്കില്ല. ബി.ജെ.പിയുടെ എല്ലാ എം.എൽ.എമാരും അവരവരുടെ മണ്ഡലങ്ങളിലെ പ്രചാരണയോഗങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.