ഹിന്ദുത്വ ഭീഷണി; ഇംറാൻ ഖാനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം റദ്ദാക്കി
text_fieldsബംഗളൂരു: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇംറാൻ ഖാനെ കുറിച്ചുള്ള കന്നഡ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് റദ്ദാക്കി. ഇംറാന്‍റെ ജീവിതത്തെ ആസ്പദമാക്കി എസ്.ബി. സുധാകർ രചിച്ച 'ഇംറാൻ ഖാൻ: ഇതിഹാസ ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് റദ്ദാക്കിയത്.
വ്യാഴാഴ്ച വൈകീട്ട് 5.30ന് മല്ലത്തഹള്ളി കലാഗ്രാമയിൽ നിശ്ചയിച്ച ചടങ്ങിൽ റിട്ട. ഹൈകോടതി ജഡ്ജ് എച്ച്.എൻ. നാഗമോഹൻദാസായിരുന്നു പ്രകാശനം നിർവഹിക്കേണ്ടിയിരുന്നത്. പുസ്തകത്തിനെതിരെ ഹിന്ദു ജനജാഗ്രതി സമിതി, ശ്രീരാമ സേന നേതാക്കൾ കന്നഡ സാംസ്കാരിക മന്ത്രി വി. സുനിൽകുമാറിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സംഘാടകരോട് പരിപാടി റദ്ദാക്കാൻ ജ്ഞാനഭാരതി പൊലീസ് നിർദേശിക്കുകയായിരുന്നു.
ചടങ്ങ് റദ്ദാക്കാൻ കലാഗ്രാമ ഡയറക്ടർ തങ്ങളോട് ആവശ്യപ്പെട്ടതായി ഗ്രന്ഥകാരൻ സുധാകർ പറഞ്ഞു. ഇംറാൻ ഖാൻ ശത്രുരാജ്യമായ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 43 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണം നടന്നതെന്നും അദ്ദേഹം കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നതായും ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹൻ ഗൗഡ പറഞ്ഞു.
ശത്രുരാജ്യത്തിന്റെ പ്രധാനമന്ത്രിയെ പ്രകീർത്തിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും പുസ്തകം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.