ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ സൂചി; 20 വർഷത്തിന് ശേഷം നഷ്ടപരിഹാരം
text_fieldsബംഗളൂരു: ശസ്ത്രക്രിയ കഴിഞ്ഞ ശേഷം യുവതിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ കേസിൽ 20 വര്‍ഷത്തിന് ശേഷം അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി ഉത്തരവ്. ബംഗളൂരു സ്വദേശിനി പത്മാവതിക്കാണ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്. അശ്രദ്ധമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ യുവതിക്ക് അര ലക്ഷം രൂപ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു.
2004 സെപ്റ്റംബര്‍ 29നാണ് 32കാരി ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയയായത്. രണ്ട് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം കഠിനമായ വയറുവേദനയെത്തുടര്‍ന്ന് യുവതി ഇതേ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ അത് ശസ്ത്രക്രിയയുടെ ഭാഗമായാണെന്നും ഭേദമാകുമെന്നും പറഞ്ഞ് വേദനസംഹാരി ഗുളികകള്‍ നല്കിയ ശേഷം പറഞ്ഞയക്കുകയായിരുന്നു.
തുടർന്നും വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പത്മാവതി രണ്ടുതവണ അതേ ആശുപത്രിയില്‍ ചികിത്സ തേടി. 2010ല്‍ വേദനക്ക് മാറ്റമില്ലാതെ വന്നതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വയറുവേദനയുടെ കാരണം കണ്ടെത്തിയത്.
ആശുപത്രിയില്‍ നടത്തിയ സ്കാനിങ്ങില്‍ പത്മാവതിയുടെ അടിവയറിന്റെ ഭാഗത്തായി സര്‍ജിക്കല്‍ സൂചി കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ അത് നീക്കംചെയ്തു. 3.2 സെന്റിമീറ്റര്‍ നീളമുള്ള സര്‍ജിക്കല്‍ സൂചിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഇതിനു പിന്നാലെ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. സൂചി നീക്കുന്നതുവരെ, യുവതി വര്‍ഷങ്ങളോളം കടുത്ത വേദനയാണ് അനുഭവിക്കേണ്ടിവന്നതെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.