ടി. നരസിപുരയിൽ വീണ്ടും പുള്ളിപ്പുലി; ജനം ഭീതിയിൽ
text_fieldsബംഗളൂരു: ജനങ്ങളുടെ നെഞ്ചിടിപ്പേറ്റി ടി. നരസിപുരയിൽ വീണ്ടും പുള്ളിപ്പുലിയുടെ സാന്നിധ്യം. ഏതാനും മാസങ്ങൾക്കുശേഷമാണ് വീണ്ടും ഭീഷണി തുടങ്ങിയതെന്നതിനാൽ ജനം പേടിയിലാണ്. അടുത്തിടെ മൈസൂരു ജില്ലയിൽ ഏറ്റവുമധികം പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായ പ്രദേശമാണ് ടി. നരസിപുര. 2022 നവംബർ മുതൽ 2023 ജനുവരി വരെയുണ്ടായ പുള്ളിപ്പുലിയുടെ ആക്രമണങ്ങളിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഏറെ ജാഗ്രതയിലാണ് പ്രദേശവാസികൾ കഴിയുന്നത്.
വാഡഗൽ രംഗനാഥസ്വാമി ക്ഷേത്രത്തിനുസമീപമാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടത്. ഇതോടെ വൈകീട്ട് ആറിനുശേഷം പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങൾക്ക് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിലാണ് പുലിയുടെ ചിത്രം പതിഞ്ഞത്. പ്രദേശവാസികളായ നിരവധി വിശ്വാസികൾ എത്തുന്ന ക്ഷേത്രമാണിത്. പുലിയെ കണ്ട സാഹചര്യത്തിൽ പകൽ മാത്രമെ ക്ഷേത്രത്തിൽ ദർശനത്തിന് എത്താവൂവെന്നും സന്ധ്യക്കുശേഷം പാടില്ലെന്നും വനംവകുപ്പ് അറിയിച്ചു. വൈകീട്ട് ആറിനുശേഷം ക്ഷേത്രം അടച്ചിടാനും നിർദേശം നൽകി.
ക്ഷേത്രത്തിനു സമീപത്തെ വനമേഖലയിൽ പ്രവേശിക്കരുതെന്ന് ജനങ്ങളോട് വനംവകുപ്പ് നിർദേശിച്ചു. പുലിയെ കണ്ടാൽ ചിത്രമോ വിഡിയോ പകർത്താൻ ശ്രമിക്കരുത്. ദൗത്യസേനയെ ഉടൻ വിവരമറിയിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.
ധാർവാർഡിൽ പുള്ളിപ്പുലി പിടിയിൽ
ബംഗളൂരു: ധാർവാർഡ് ജില്ലയിലെ കാളഘടഗി സിങ്കനള്ളിയിൽ ജനത്തിന് ഭീഷണിയായി ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയിരുന്ന പുള്ളിപ്പുലി പിടിയിൽ. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെടുകയായിരുന്നു. ഗ്രാമത്തിൽ നിരവധി തവണ പുള്ളിപ്പുലി ഇറങ്ങിയതോടെ ജനം ഭീതിയിലായിരുന്നു. കൃഷി സ്ഥലത്തേക്ക് പോകാൻ കഴിയാതായതോടെ കർഷകരും പ്രതിസന്ധിയിലായി. ഇതോടെ രണ്ടുദിവസമായി പുള്ളിപ്പുലിയെ പിടികൂടാനുള്ള പരിശ്രമത്തിലായിരുന്നു വനംവകുപ്പ്. കഴിഞ്ഞ ദിവസം സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ടതോടെ നാട്ടുകാർക്ക് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.