മൈസൂരു ഇൻഫോസിസ് കാമ്പസിൽ പുലി; ഭീതിയോടെ മലയാളികളും
text_fields
ബംഗളൂരു: മൈസൂരു ഇൻഫോസിസ് കാമ്പസിൽ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം മൂന്നാം ദിവസവും തുടർന്നു. ചൊവ്വാഴ്ച പുലർച്ച രണ്ടിനാണ് പുള്ളിപ്പുലിയുടെ ദൃശ്യം പാർക്കിങ് കേന്ദ്രത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞത്. ഡ്രോൺ കാമറയുടെ സഹായത്തോടെയാണ് തിരച്ചിൽ.380 ഏക്കർ വിസ്തൃതിയുള്ളതാണ് കാമ്പസ്. കൂടുതൽ വനംവകുപ്പ് ജീവനക്കാരെ വിന്യസിക്കുകയും പ്രധാന മേഖലകളിൽ കെണികൾ സ്ഥാപിക്കുകയും ചെയ്തതായി മൈസൂരു ഡിവിഷൻ ചീഫ് ഫോറസ്റ്റ് ഓഫിസർ മാലതി പ്രിയ പറഞ്ഞു.
ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ബസവരാജിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയ ലെപേഡ് ടാസ്ക് ഫോഴ്സ് സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. ബുധനാഴ്ച രാവിലെ കാമ്പസിനകത്തെ മരത്തിൽ പുലിയെ കണ്ടിരുന്നു. തുടർന്ന് കാമ്പസിന്റെ നാല് ഗേറ്റുകളും അടച്ചു. ക്രിസ്മസ് അവധിക്ക് നാട്ടിൽപ്പോയവരോട് വർക്ക് ഫ്രം ഹോമിൽ തുടരാനാണ് ഇൻഫോസിസ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.
ഹെബ്ബാൾ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം സ്ഥിതിചെയ്യുന്ന കാമ്പസ് പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമെന്നറിയപ്പെടുന്ന സംരക്ഷിതവനത്തിനു സമീപമാണ്. ഭക്ഷണംതേടി പുലി വനത്തിൽനിന്ന് ഇറങ്ങിയതാകാമെന്നാണ് വനം അധികൃതരുടെ നിഗമനം. 2011ൽ കാമ്പസിനകത്ത് പുള്ളിപ്പുലി കയറിയിരുന്നു. വനംവകുപ്പ് ഇതിനെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് അയക്കുകയാണ് ചെയ്തത്. മൈസൂരുവിലെ ഇൻഫോസിസ് ഗ്ലോബൽ എജുക്കേഷൻ സെന്ററിൽ നാലായിരത്തോളം പേരാണ് പരിശീലനത്തിലുള്ളത്. ഇതിൽ പരിശീലനം നേടുന്നവരും ജീവനക്കാരുമായി 1300ഓളം മലയാളികളാണ്. കാമ്പസിന് പുറത്തുള്ള വില്ലകളിലും മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെല്ലാം ഭീതിയിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.