കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷിച്ചു
text_fieldsബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ കാട്ടീലിനടുത്ത നിഡ്ഡൊടിയിൽ കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷിച്ചു. രണ്ട് ദിവസം മുമ്പാണ് ഒരു വയസ്സുള്ള പുള്ളിപ്പുലി അബദ്ധത്തിൽ 25 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. വനംവകുപ്പ് മൂഡബിദ്രി റേഞ്ചിന്റെ നേതൃത്വത്തിൽ കിണറിലെ വെള്ളം വറ്റിച്ചടക്കം ശ്രമം നടത്തിയെങ്കിലും പുലിയെ പുറത്തുകടത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ‘ചിട്ടി പിലി റെസ്ക്യൂ’ സംഘത്തിന്റെ സഹായം തേടിയത്. ഇവരുടേയും വെറ്ററിനറി മേഖലയിലുള്ളവരുടേയും സഹായത്തോടെയാണ് ഞായറാഴ്ച രക്ഷിക്കാനായത്.
കൂട് കിണറ്റിലേക്ക് താഴ്ത്തി പുലിക്ക് കയറാൻ പ്രത്യേക കോണിയും വനംവകുപ്പ് തയാറാക്കിയിരുന്നു. എന്നാൽ പുറത്തുള്ള ബഹളം കാരണം കിണറ്റിലെ മാളത്തിൽ പുലി ഒളിച്ചു. തുടർന്ന് മയക്കുവെടിവെച്ച് പുറത്തെത്തിക്കാൻ തീരുമാനിച്ചു. തോക്കുമായി വെറ്ററിനറി ഡോക്ടർ മേഘന കയറിയ കൂട് പ്രദേശവാസികളുടെ സഹായത്തോടെ കിണറ്റിലേക്ക് താഴ്ത്തുകയും പുലിയെ മയക്കുവെടിവെക്കുകയുമായിരുന്നു. 20 മിനിറ്റുകൾക്ക് ശേഷം മയങ്ങിവീണതോടെ കൂട്ടിലാക്കി. 45 മിനിറ്റുകൾക്ക് ശേഷം ബോധം വീണ പുലിയെ ആരോഗ്യനില പരിശോധിച്ച് കാട്ടിലേക്ക് തുറന്നുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.