ലിഫ്റ്റിന്റെ പാതിയടഞ്ഞ വാതിലിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
text_fieldsബംഗളൂരു: ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി മുകളിലേക്ക് ഉയര്‍ന്നയാൾ തല ചുമരിലിടിച്ച് മരിച്ചു. റിച്ച്മണ്ട് റോഡിലെ എച്ച്.ജെ.എസ് ചേംബേഴ്സിലുണ്ടായ അപകടത്തിൽ എം.പി സ്വര്‍ണ മഹല്‍ സ്ഥാപനത്തിലെ ജീവനക്കാരനായ കെ. ലക്ഷ്മണാണ് (52) മരിച്ചത്. ഉച്ചക്ക് 12.30ഓടെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് പോകുകയായിരുന്നു ലക്ഷ്മണ്.
ആദ്യം ഒരു സ്ത്രീയും പുരുഷനും ലിഫ്റ്റിലുണ്ടായിരുന്നു. വാതിൽ അടയാന്‍ തുടങ്ങവേയാണ് ലക്ഷ്മണ് അകത്തേക്ക് കയറിയത്. എന്നാൽ, വാതിൽ പാതി അടഞ്ഞ നിലയില്‍ തന്നെ ലിഫ്റ്റ് മുകളിലേക്ക് ഉയരാന്‍ തുടങ്ങി. ഇടയില്‍ കുടുങ്ങിപ്പോയ ലക്ഷ്മണിന്റെ ശരീരത്തിന്റെ പകുതി ഭാഗം ലിഫ്റ്റിനകത്തും ബാക്കി പുറത്തുമായിരുന്നു. നിലവിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും ലിഫ്റ്റ് ഉയര്‍ന്ന് മുകളിലെ ഷാഫ്റ്റ് ഭിത്തിക്കിടയില്‍ അദ്ദേഹം ഞെരിഞ്ഞമരുകയായിരുന്നു. ഈസമയം, ലിഫ്റ്റിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഭയന്ന് നിലവിളിച്ചു.
ഇവരുടെ ശബ്ദം കേട്ടാണ് മറ്റുള്ളവര്‍ ഓടിയെത്തിയത്. അഗ്നിശമന സേനയും തൊട്ടടുത്ത ആശുപത്രിയില്‍നിന്നുള്ള ഡോക്ടറും സ്ഥലത്തെത്തുകയും ലിഫ്റ്റിനകത്തുള്ളവരുമായി സംസാരിക്കാന്‍ ശ്രമിക്കുകയും ഓക്സിജന്‍ നല്‍കുകയും ചെയ്തു. അകത്തുണ്ടായിരുന്ന സ്ത്രീ ഇതിനകം കുഴഞ്ഞുവീണിരുന്നു. ഒന്നാം നിലയില്‍ ലിഫ്റ്റ് നിന്നെങ്കിലും ഡോറുകള്‍ ജാമായതിനാല്‍ തുറക്കാന്‍ സാധിച്ചില്ല. ഗ്യാസ് വെല്‍ഡര്‍ ഉപയോഗിച്ച് മണിക്കൂറോളം സമയമെടുത്താണ് അഗ്നിശമന സേനാംഗങ്ങള്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നത്.
പിന്നാലെ ലക്ഷ്മണിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ ലക്ഷ്മണ് 26 വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുംബം നല്കിയ പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.