ലോക്സഭ: സ്ഥാനാർഥി പട്ടികക്കു മുമ്പേ ബി.ജെ.പിയിൽ കലഹം
text_fieldsമംഗളൂരു: ഉഡുപ്പി -ചിക്കമഗളൂരു എം.പിയും കേന്ദ്ര കൃഷി -കർഷക ക്ഷേമ സഹമന്ത്രിയുമായ ശോഭ കരന്ദ്ലാജെക്കെതിരെ ഉഡുപ്പിയിൽ ബി.ജെ.പി പ്രതിഷേധം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ ശോഭ കരന്ദ്ലാജെയെ മൂന്നാമതും സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ മോട്ടോർ സൈക്കിൾ റാലി നടത്തി. ഉഡുപ്പി ജില്ലയുടെ വികസനത്തിനായി മന്ത്രി ഒന്നും ചെയ്തില്ലെന്ന് പ്രവർത്തകർ ആരോപിച്ചു. തദ്ദേശീയ സ്ഥാനാർഥിയാണ് ആവശ്യമെന്ന് റാലിയെ സംബോധന ചെയ്ത ഉഡുപ്പി നഗരസഭയിലെ ബി.ജെ.പി കൗൺസിലർ യോഗീഷ് കൊട്ട്യൻ പറഞ്ഞു. പ്രമോദ് മധ്വരാജിനെ എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം ആരാഞ്ഞു.
ശോഭയെ സ്ഥാനാർഥിയാക്കരുത് എന്നാവശ്യപ്പെടുന്ന നിവേദനം പ്രവർത്തകർ ബി.ജെ.പി ഉഡുപ്പി ജില്ല പ്രസിഡൻറ് കിഷോർ കുമാർ കുന്താപുരക്ക് സമർപ്പിച്ചു. ഈ ആവശ്യം നേതൃത്വത്തെ ധരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ചിക്കമഗളൂരുവിൽ നേരത്തേ തന്നെ ‘ശോഭ കരന്ദ്ലാജെ ഗോബാക്ക് ’ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മന്ത്രിക്കെതിരെ പ്രകടനങ്ങളും സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും ആരംഭിച്ചിരുന്നു.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പ്രമോദ് മധ്വരാജ് ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധനായി കരുക്കൾ നീക്കുകയാണ്. ഒന്നാം സിദ്ധരാമയ്യ മന്ത്രിസഭയിൽ ഫിഷറീസ് -യുവജന മന്ത്രിയായിരുന്നു അദ്ദേഹം. 2018ൽ ഉഡുപ്പി മണ്ഡലത്തിൽ ബി.ജെ.പിയുടെ കെ. രഘുപതി ഭട്ടിനോട് 2000 വോട്ടുകൾക്ക് പരാജയപ്പെട്ടു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി -ചിക്കമഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് സഖ്യത്തിൽ ജെ.ഡി.എസ് സ്ഥാനാർഥിയായാണ് മത്സരിച്ചത്. എതിരാളി ശോഭ കരന്ദ്ലാജെ 7,18,915 വോട്ടുകൾ നേടി വിജയിച്ചു.പ്രമോദിന് 3,69,317 വോട്ടുകളാണ് ലഭിച്ചത്.
2022 മേയിൽ ബി.ജെ.പിയിൽ ചേർന്നു. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ള നേതാവാണ് മധ്വരാജ്.തനിക്കെതിരെ ഉയരുന്നത് സമ്പന്ന വിഭാഗത്തിന് വേണ്ടിയുള്ള ദല്ലാൾ പണിയല്ലാതൊന്നുമല്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറായ ശോഭ കരന്ദ്ലാജെ പ്രതികരിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ പുത്തൂരിലെ ഗൗഡ കുടുംബാംഗമായ ശോഭയുടെ ആസ്തി ഏഴ് കോടിയും പ്രമോദ് മധ്വരാജിെൻറ ആസ്തി 87 കോടിയുമാണ്.
ശോഭ ഇത്തവണയും മത്സരിക്കും, കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നാണ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര പാർലമെൻററി കാര്യ സമിതി അംഗവുമായ ബി.എസ്. യെദിയൂരപ്പയുടെ പ്രതികരണം. ശോഭയുടെ രാഷ്ട്രീയ ഗുരുവായ യെദിയൂരപ്പയുടെ ഒന്നാം കർണാടക മന്ത്രിസഭയിൽ അവർ അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.