തട്ടകം തിരിച്ചുപിടിക്കാൻ ഖാർഗെ
text_fieldsതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി 11തവണ വിജയിച്ച കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെക്ക് 2019ലാണ് കലബുറഗിയിൽ അടിപതറുന്നത്. ഒമ്പതു തവണ നിയമസഭയിലേക്കും രണ്ടു തവണ ലോക്സഭയിലേക്കുമാണ് വിജയിച്ചത്. ബി.ജെ.പിയുടെ ഉമേഷ് ജാദവാണ് അന്ന് മണ്ഡലത്തിൽ നിന്നും പാർലമെന്റിലെത്തിയത്. ഇത്തവണ ഉമേഷ് ജാദവ് വീണ്ടും ജനവിധി തേടുമ്പോൾ കോൺഗ്രസിനായി മല്ലികാർജുൻ ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണിയാണ് കളത്തിലുള്ളത്. 2019ൽ കർണാടകയിലെ കോൺഗ്രസ്-ജെ.ഡി-എസ്
സഖ്യ സർക്കാറിനെ വീഴ്ത്തിയ ഓപറേഷൻ താമരയിൽ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിൽ ചേക്കേറിയ നേതാവാണ് ഉമേഷ് ജാദവ്. ഭരണഘടനയിലെ 371 (ജെ) വകുപ്പ് പ്രകാരം മേഖലക്ക് പ്രത്യേക പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ഖാർഗെ. അതോടൊപ്പം രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിലും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിലും ഖാർഗെക്ക് മണ്ഡലം തിരിച്ചുപിടിക്കണം. മണ്ഡലത്തിലെ എട്ട് നിയോജക മണ്ഡലങ്ങളിൽ ആറും കൈയിലുണ്ട് എന്നതുകൊണ്ട് കോൺഗ്രസിന് കാര്യങ്ങൾ താരതമ്യേന ഭേദമാണ്.
മണ്ഡലത്തിലെ വികസനങ്ങളുടെ ചാമ്പ്യന്മാർ തങ്ങളാണെന്നാണ് കോൺഗ്രസ് പറയുന്നത്. കർണാടക സെൻട്രൽ യൂനിവേഴ്സിറ്റി, റെയിൽ കോച്ച് ഫാക്ടറി, പുതിയ റെയിൽവേ ഡിവിഷൻ, പ്രത്യേക നിർമാണ മേഖല, മേഖലക്ക് പ്രത്യേക പദവി, ജയദേവ ഹൃദയാരോഗ്യ കേന്ദ്രം തുടങ്ങി നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ ഹിന്ദുത്വ കാർഡ് ശക്തമാക്കുന്നതോടൊപ്പം എതിരാളികൾ പ്രോ മുസ്ലിം നിലപാടുള്ളവരാണെന്ന് ആരോപിക്കുക കൂടി ചെയ്യുന്നുണ്ട് ബി.ജെ.പി. അതോടൊപ്പം കലബുറഗിയിൽ നിന്നും വന്ദേഭാരത് തുടങ്ങിയത് തങ്ങളുടെ വികസന നേട്ടമായി ഉയർത്തിക്കാണിക്കുന്നു.
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കാൻ ശക്തിയുള്ളവരാണ് കോലി/കബ്ബലിഗ വിഭാഗം. തങ്ങളെ എസ്.ടി ലിസ്റ്റിലുൾപ്പെടുത്തുമെന്ന വാഗ്ദാനത്തിന്മേൽ കഴിഞ്ഞ തവണ ബി.ജെ.പിക്കൊപ്പം നിന്നെങ്കിലും വാഗ്ദാനം നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് ഇന്നവർ കോൺഗ്രസിനൊപ്പമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കബ്ബലിഗ വോട്ടുകളെ ഏകോപിച്ച് ബി.ജെ.പിയിലേക്കെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സമുദായ നേതാവ് ബാബുറാവു ചിൻചനാസുർ ഇപ്പോൾ കോൺഗ്രസിനൊപ്പമാണെന്നത് പാർട്ടിക്ക് ആശ്വാസം പകരുന്നുണ്ട്. അതോടൊപ്പം ഖാർഗെയെ തോൽപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻമന്ത്രി മല്ലികയ്യ ഗുട്ടേദാർ ബി.ജെ.പിയിൽ നിന്നും തിരിച്ചെത്തിയതിലും കോൺഗ്രസിന് പ്രതീക്ഷയുണ്ട്. അഞ്ച് ലക്ഷത്തോളം വരുന്ന ലിംഗായത്ത് വോട്ടുകളിൽ വലിയൊരു പങ്കും അക്കൗണ്ടിലെത്തുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. മൂന്നു ലക്ഷം വരുന്ന കുറുബ വോട്ടുകൾക്കൊപ്പം രണ്ടര ലക്ഷത്തോളം വരുന്ന മുസ്ലിം വോട്ടും അത്ര തന്നെ കബ്ബലിഗ വോട്ടുകളിൽ സിംഹഭാഗവും തങ്ങൾക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
കലബുറഗി ലോക്സഭ മണ്ഡലം
വോട്ടുനില 2019
- ഉമേഷ് ജാദവ് (ബി.ജെ.പി) - 6,20,192
- മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്) - 5,24,740
നിയമസഭ മണ്ഡലങ്ങൾ 2023
- കോൺഗ്രസ് - അഫ്സൽപുർ, ജാവർഗി, ചിറ്റാപുർ, കലബുറഗി സൗത്ത്, കലബുറഗി നോർത്ത്
- ബി.ജെ.പി -കലബുറഗി റൂറൽ
- ജെ.ഡി.എസ് -ഗുർമിത്കൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.