മൈസൂരുവിൽ മഹാരാജ-പ്രജാ പോരാട്ടം
text_fieldsമൈസൂർ കൊട്ടാരം ആചാരപ്രകാരം മഹാരാജാവായി വാഴ്ത്തപ്പെട്ട യദുവീർ കൃഷ്ണ ദത്തയും കെ.പി.സി.സി വക്താവ് എം. ലക്ഷ്മണയും തമ്മിലുള്ള മത്സരം കുടക്-മൈസൂരു ലോക്സഭ മണ്ഡലത്തിന് മഹാരാജ-പ്രജാ പോരാണ്. ബി.ജെ.പി ടിക്കറ്റിൽ ജനായത്ത വിധി തേടാനുള്ള രാജാവിന്‍റെ വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെങ്കിൽ ലക്ഷ്മണ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പങ്കാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പയറ്റിയ സാമുദായിക അടവാണ് കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിലും പയറ്റുന്നത്. വൊക്കാലിഗ വിഭാഗത്തിന് മേൽക്കൈയുള്ള മണ്ഡലമാണിത്. ലക്ഷ്മൺ വൊക്കാലിഗയാണെന്ന് അറിയിച്ചു തന്നെയാണ് കോൺഗ്രസിന്‍റെ വോട്ടഭ്യർഥന. വൊക്കാലിഗയായ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ഈ പ്രചാരണത്തിന് മുന്നിലുണ്ട്. ലക്ഷ്മണിന്‍റെ വിജയം തന്‍റെ വിജയം എന്നാണ് മുഖ്യമന്ത്രി വോട്ടർമാരോട് പറയുന്നത്. ബി.ജെ.പിയുടെ പ്രചാരണത്തിൽ സിറ്റിങ് എം.പി പ്രതാപ് സിംഹ തന്നെ താരം.
വൊക്കാലിഗ സമുദായ വോട്ടുകളുടെ ഏകീകരണം ഭയന്ന് യദുവീറും ബി.ജെ.പി നേതാക്കളും ആദി ചുഞ്ചഗിരി മഠത്തിൽ ദർശനം നടത്തി മഠാധിപതി ഡോ. നിർമലാനന്ദ നാഥ സ്വാമിയുടെ ആശീർവാദം സ്വീകരിച്ചു. ജാതി സമവാക്യങ്ങളിൽ മേമ്പൊടിക്ക് പോലുമില്ല യദുവീറിന്‍റെ അറസു സമുദായം. മൂന്നു ലക്ഷമാണ് വൊക്കാലിഗ ജനസംഖ്യ. ലിംഗായത്ത്-2.75ലക്ഷം, ദലിതർ 2.2 ലക്ഷം, ക്രിസ്ത്യൻ -ഒ.ബി.സി രണ്ട് ലക്ഷം, മുസ്‌ലിം 1.5 ലക്ഷം, മുഖ്യമന്ത്രിയുടെ കുറുബ 1.3 ലക്ഷം, ബ്രാഹ്മണർ 1.30 ലക്ഷം, നായക് -1 ലക്ഷം, മറ്റുള്ളവർ 70000 എന്നിങ്ങനെയാണ് മറ്റു ജനസംഖ്യ.
കുടക്, മൈസൂരു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തിൽ മൊത്തമുള്ള എട്ട് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിടത്തും കോൺഗ്രസാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചത്. ജെ.ഡി.എസിന് രണ്ടും ബി.ജെ.പിക്ക് ഒന്നുമാണ് എം.എൽ.എമാർ. 79,56,73 പുരുഷന്മാരും 78,19,45 വനിതകളുമായി 15,77,618 വോട്ടർമാരാണ് മൊത്തമുള്ളത്. കുളിരകന്ന കുടകിന്‍റെയും തൊണ്ട വരളുന്ന മൈസൂരുവിന്‍റെയും ആവശ്യങ്ങളും പ്രശ്നങ്ങളും ഏറെക്കുറെ സമാനം. പ്രകൃതിക്ഷോഭത്തിൽ ഹെക്ടർ കണക്കിന് കാപ്പിത്തോട്ടമാണ് ഒഴുകിപ്പോയത്. അനേകം പാതകളും തകർന്നു.
കാർഷിക മേഖലയേയും വിനോദസഞ്ചാര വികസനത്തേയും ബാധിച്ച പ്രളയം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മണ്ഡലം ഇനിയും കരകയറിയില്ല. കാപ്പിയുടെ വിലത്തകർച്ച, പുകയില നയം വൈകുന്ന സ്ഥിതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രശ്നങ്ങൾ വിദ്വേഷ രാഷ്ട്രീയത്തിൽ മറഞ്ഞു പോയിരുന്നു. നാഗർഹോള ദേശീയ ഉദ്യാന മേഖലയിൽ പട്ടിക വർഗ വിഭാഗത്തിന്‍റെ പുനരധിവാസം എങ്ങുമെത്തിയില്ല. വന്യജീവികളുടെ, പ്രത്യേകിച്ച് കാട്ടാനകളുടെ ആക്രമണവും മരണങ്ങളും മണ്ഡലത്തിൽ പ്രാദേശിക വിഷയമായുണ്ട്. കർണാടകയിൽ കോൺഗ്രസിനാണ് എസ്.ഡി.പി.ഐ പിന്തുണ. നരസിംഹ രാജ മണ്ഡലങ്ങളിൽ മാത്രം ആ പാർട്ടി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 41037 വോട്ടുകൾ നേടിയിരുന്നു.
മൈസൂരു- കുടക് ലോക്സഭ മണ്ഡലം
വോട്ടുനില 2019
- പ്രതാപ് സിംഹ 688974 (ബി.ജെ.പി)
- സി.എച്ച്. വിജയശങ്കർ 550327 (കോൺഗ്രസ്)
2023 നിയമസഭ തെരഞ്ഞെടുപ്പ്
- മടിക്കേരി, വീരാജ്പേട്ട, പെരിയപട്ടണ, ചാമരാജ, നരസിംഹ രാജ (കോൺഗ്രസ്)
- ഹുൻസൂരു, ചാമുണ്ഡേശ്വരി (ജെ.ഡി.എസ്)
- കൃഷ്ണ രാജ (ബി.ജെ.പി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.