വടക്കിന്റെ തലസ്ഥാനത്ത് ആരു ജയിക്കും?
text_fieldsകർണാടകയുടെ വടക്കേ അറ്റത്ത് മഹാരാഷ്ട്രയോട് അതിർത്തി പങ്കിടുന്നതാണ് ബെളഗാവി ലോക്സഭ മണ്ഡലം. ബംഗളൂരു കഴിഞ്ഞാൽ സംസ്ഥാനത്തെ വലിയ ജില്ല. പഞ്ചസാര ഫാക്ടറികളുടെ നാട്. ലിംഗായത്തുകളും മറാത്തികളും കുറുബരും സ്വാധീനം ചെലുത്തുന്ന മണ്ഡലം. ആറു ലക്ഷത്തോളം വോട്ട് ലിംഗായത്തുകൾക്കും മൂന്നു ലക്ഷത്തിലേറെ വോട്ട് മറാത്തികൾക്കും കുറുബർക്കും ബെളഗാവിയിലുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് രണ്ടര ലക്ഷവും മുസ്ലിംകൾക്ക് രണ്ടു ലക്ഷം വോട്ടുമാണുള്ളത്.
ലിംഗായത്ത് ബഞ്ജിക നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ ബി.ജെ.പിക്കും ലിംഗായത്ത് പഞ്ചസാലി നേതാവും മന്ത്രിയുമായ ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ ഹെബ്ബാൾ കോൺഗ്രസിനായും കളത്തിലിറങ്ങുന്നു. ഷെട്ടാറിന്റെ സ്ഥാനാർഥിത്വത്തോടെ സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് ബെളഗാവി. കോൺഗ്രസ് നേതാവായ രമോഷ് ജാർക്കിഹോളി ഹെബ്ബാൾക്കറുമായി ദീർഘനാളായി ഇടഞ്ഞുനിൽക്കുന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.
രമേശ് ജാർക്കിഹോളി പ്രതിനിധാനം ചെയ്യുന്ന ഗോഖക് മണ്ഡലം ബെളഗാവിയിലാണ്. മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ (എം.ഇ.എസ്) നേതൃത്വത്തിലുള്ള മറാത്തവാദികളാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും തലവേദന. ഇത്തവണയും എം.ഇ.എസിന്റെ സ്ഥാനാർഥിയുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു ശതമാനം വോട്ട് കോൺഗ്രസിനും ബി.ജെ.പിക്കും ലഭിക്കാതെ പോയേക്കും. ബെളഗാവി ജില്ലയെ മഹാരാഷ്ട്രയോട് ചേർക്കണമെന്ന് ഉന്നയിക്കുന്ന എം.ഇ.എസ് 1996 മുതൽ ഈ ആവശ്യവുമായി സമരമുഖത്തുണ്ട്. മണ്ഡലത്തിലെ എം.പിയായിരുന്ന സുരേഷ് അംഗദി മരണപ്പെട്ടതിനെത്തുടർന്ന് 2021ൽ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എം.ഇ.എസ് 1.7 ലക്ഷം വോട്ടുകൾ അക്കൗണ്ടിൽ വീഴ്ത്തിയിരുന്നു. ബെളഗാവിയിൽ ജെ.ഡി.എസും അവഗണിക്കാനാവാത്ത ശക്തിയാണെന്നത് ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. പഞ്ചസാര മില്ലുടമകളായ രാഷ്ട്രീയ നേതാക്കൾക്കെതിരെ കരിമ്പു കർഷകർ വേതനത്തിനായി നടത്തിയ രൂക്ഷ സമരവും കാർഷിക പ്രതിസന്ധിയും വരൾച്ചയും കുടിവെള്ള പ്രശ്നവും സ്മാർട്ട് സിറ്റി പദ്ധതിയുമൊക്കെ മണ്ഡലത്തിലെ പ്രശ്നങ്ങളാണ്.
ബെളഗാവി ലോക്സഭ മണ്ഡലം
വോട്ട്നില 2021
- മംഗള സുരേഷ് അംഗദി (ബി.ജെ.പി) - 440,327
- സതീശ് ലക്ഷ്മണറാവു ജാർക്കിഹോളി (കോൺഗ്രസ്) -4,35,087
- ഷുഭം വിക്രാന്ത് ഷെൽക്കെ (എം.ഇ.എസ്) - 1,17,174
നിയമസഭ മണ്ഡലങ്ങൾ (2023)
- കോൺഗ്രസ്: ഉത്തര ബെളഗാവി, ബൈലഹൊങ്കൽ, സൗന്ദത്തി യെല്ലമ്മ, രാമദുർഗ, ബെളഗാവി റൂറൽ
- ബി.ജെ.പി: ദക്ഷിണ ബെളഗാവി, അരബാവി, ഗോഖക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.