ബെള്ളാരിയിൽ അഭിമാന പോരാട്ടം
text_fieldsകർണാടക ബി.ജെ.പിയുടെ പവർഹൗസായിരുന്ന റെഡ്ഡി സഹോദരന്മാരുടെ നാടാണ് ബെള്ളാരി. ഒരു കാലത്ത് കോൺഗ്രസിന്റെ ഉരുക്കു കോട്ടയായിരുന്ന മണ്ഡലം. കോൺഗ്രസിന്റെ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിക്ക് ചരിത്രജയം കുറിച്ചു നൽകിയ മണ്ഡലം. പണവും രാഷ്ട്രീയവും ഉഴുതുമറിച്ച മണ്ണ്.
വിശേഷണങ്ങളൊരുപാടുണ്ട് ബെള്ളാരി മണ്ഡലത്തിന്. സോണിയ ഗാന്ധിയുടെ ചരിത്ര വിജയത്തിന് ശേഷം, ഖനന ഭീമനായ ജനാർദന റെഡ്ഡിയുടെയും സഹോദരന്മാരുടെയും വലംകൈയായ ബി. ശ്രീരാമുലുവിന്റെ കൈയിലായിരുന്നു ബെള്ളാരി. ഇത്തവണ ശ്രീരാമുലു തന്നെയാണ് ബി.ജെ.പി സ്ഥാനാർഥി. സന്ദുർ എം.എൽ.എ ഇ. തുക്കറാം ആണ് കോൺഗ്രസിനുവേണ്ടി മത്സരത്തിനിറങ്ങുന്നത്. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള വാത്മീകി സമുദായക്കാരാണ് ഇരുവരും. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബെല്ലാരി റൂറൽ മണ്ഡലത്തിൽ അടി തെറ്റിയ ശ്രീരാമുലുവിന് തന്റെ രാഷ്ട്രീയ നിലനിൽപിന് വിജയം അനിവാര്യമാണ്.
പല നിലക്കും കടുത്ത ദുരിതമനുഭവിക്കുന്ന കർഷകർക്ക് തെരഞ്ഞെടുപ്പിനോട് തീരെ താൽപര്യമില്ലാതായിരിക്കുന്നു എന്നതാണ് മണ്ഡലത്തിലെ അവസ്ഥ. ഖനികളിൽ നിന്നുള്ള പൊടികളും കൃഷിയിടങ്ങളെ നശിപ്പിക്കുന്നുണ്ട്. ഖനനപ്രവർത്തനങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് വനം വകുപ്പും തങ്ങളെ ദ്രോഹിക്കുകയാണെന്ന് കർഷകർ പറയുന്നു. വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനോപാധി ഖനനവുമായി ബന്ധപ്പെട്ടാണ്.
എന്നിട്ടും വികസന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു പകരം ഹിന്ദുത്വ കാർഡ് വീശിയ ഹൊസ്പേട്ടിലെ മോദിയുടെ റാലി അത്യാവശ്യം വോട്ടുകൾ ബി.ജെ.പി അക്കൗണ്ടിലെത്തിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ശ്രീരാമനെ അയോധ്യയിൽ ഉയിർത്തെഴുന്നേൽപിച്ച മോദിയെ ജനങ്ങൾ വീണ്ടും പ്രധാനമന്ത്രിയാക്കുമെന്നാണ് ശ്രീരാമുലു പറയുന്നത്. രാജ്യത്തിന് മോദിയെയും കർണാടകക്ക് സിദ്ധരാമയ്യയെയും ആവശ്യമുണ്ടെന്ന് വിശ്വസിക്കുന്ന ധാരാളം പേർ മണ്ഡലത്തിലുണ്ട്.
കോൺഗ്രസ് സർക്കാറിന്റെ ഗ്യാരന്റി പദ്ധതികൾ ഉയർത്തിക്കാണിച്ച് വോട്ട് പിടിക്കാനാണ് കോൺഗ്രസ് ശ്രമം. തെരഞ്ഞെടുപ്പ് കമീഷന്റെ അഭിപ്രായത്തിൽ വോട്ടിനായി പണമൊഴുകുന്ന മണ്ഡലമാണ് ബെല്ലാരി. പട്ടികജാതി-പട്ടിക വർഗക്കാർക്കാണ് മണ്ഡലത്തിൽ പ്രാമുഖ്യം. ലിംഗായത്തുകൾക്കും മുസ്ലിംകൾക്കും കുറുബർക്കും ചെറുതല്ലാത്ത സ്വാധീനമുണ്ട്. ഖനികളുടെ മണ്ണായ ബെള്ളാരിയിലെ വോട്ടുകൾ ഖനനം ചെയ്തെടുക്കുന്നതാരെന്നറിയാൻ ജൂൺ നാലുവരെ കാത്തിരിക്കണം.
ബെള്ളാരി ലോക്സഭ മണ്ഡലം
വോട്ടുനില 2019
- വൈ. ദേവേന്ദ്രപ്പ (ബി.ജെ.പി) -601,388
- വി.എസ്. ഉഗ്രപ്പ (കോൺഗ്രസ്) -5,75,681
നിയമസഭ തെരഞ്ഞെടുപ്പ് (2023)
- കോൺഗ്രസ്: ബെള്ളാരി, ബെള്ളാരി സിറ്റി, സന്ദുർ,
- വിജയനഗർ, കാംബ്ലി, കുട്ലിഗി
- ബി.ജെ.പി: ഹൂവിന ഹഡഗലി,
- ജെ.ഡി.എസ്: ഹാഗരി ബൊമ്മനഹള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.