ത്രികോണം, ത്രിശങ്കു; ശിവമൊഗ്ഗ
text_fieldsവോട്ടിൻകരയിൽ വിമാനമിറങ്ങാൻ ലിംഗായത്ത് നേതാവ് ബി.എസ്.യദിയൂരപ്പ താവളം വരെ ഉണ്ടാക്കിയ മണ്ഡലമാണ് ശിവമൊഗ്ഗ. ബി.ജെ.പി-ജെ.ഡി.എസ് സിറ്റിങ് എം.പി ബി.വൈ.രാഘവേന്ദ്രക്ക് നാലാമങ്കം അനായാസമാവേണ്ടതായിരുന്നു. എന്നാൽ, േമയ് ഏഴിലേക്കടുക്കുന്തോറും ബി.ജെ.പിക്ക് പരീക്ഷണം കടുക്കുകയാണ്. മുതിർന്ന ബി.ജെ.പി നേതാവായിരുന്ന മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ റെബലായി മത്സരിക്കുന്നത് മറികടക്കാൻ ജെ.ഡി.എസ് വോട്ടുകൾ ആശ്വാസമാവും എന്ന കുളിരിനിടയിലാണ് ലൈംഗിക അതിക്രമ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.
ഒമ്പത് ലക്ഷം വനിത വോട്ടർമാരുടെ മനഃസാക്ഷി ഉന്നമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തൊടുത്ത അസ്ത്രമുണ്ടല്ലോ, അത് ചെറുക്കാൻ ജെ.പി.നഡ്ഡ മുതൽ അമിത്ഷാ വരേയുള്ള നേതാക്കളുടെ റോഡ്ഷോകൾക്കും റാലിക്കും കഴിഞ്ഞിട്ടില്ല. തുടർച്ചയായി കൂട്ടബലാത്സംഗം നടത്തിയ പ്രജ്വൽ രേവണ്ണ എം.പിയെ രാജ്യം വിടാൻ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരകളായ സ്ത്രീകളോട് മാപ്പ് പറയണം എന്നായിരുന്നു രാഹുൽ ഗാന്ധി ശിവമൊഗ്ഗയിൽ പറഞ്ഞത്. നരേന്ദ്ര മോദി കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ മണ്ഡലം കൂടിയാണിത്.
ജെ.ഡി.എസിന് മണ്ഡലത്തിൽ 1.20 ലക്ഷം വോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയിലേറെ വരുന്ന ന്യൂനപക്ഷ വോട്ടർമാർ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിൽ അതൃപ്തരാണ്. ജയ സാധ്യതയുള്ള അടുത്ത സ്ഥാനാർഥി കോൺഗ്രസിന്റെ ഗീത ശിവരാജ് കുമാറിനാണ് ഇത് ലഭിക്കുക. ബി.എസ്.യദിയൂരപ്പയുടെ കുടുംബാധിപത്യത്തിന് എതിരെ കെ.എസ്.ഈശ്വരപ്പ ഉയർത്തുന്ന ആക്ഷേപങ്ങൾ ബൂമറാങ് ആയി അദ്ദേഹത്തിന്റെ മുഖത്തടിക്കുകയേയുള്ളൂവെന്ന് ബി.ജെ.പി ശിവമൊഗ്ഗ ജില്ല ട്രഷററും മലയാളിയുമായ എൻ.ഡി.സതീശ് ‘മാധ്യമ’ത്തോട് പറഞ്ഞു. തന്റെ മകന് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്ത് യദിയൂരപ്പ വഞ്ചിച്ചു എന്നാണ് ഈശ്വരപ്പ പറയുന്നത്. അല്ലാതെ പൊതു കാര്യമല്ല.
ശിവമൊഗ്ഗ മണ്ഡലത്തിൽ സ്ഥാനാർഥിയായി രാഘവേന്ദ്രയുടെ പേര് മാത്രമാണ് പാർട്ടി ജില്ല കമ്മിറ്റി ശിപാർശ ചെയ്തത്. മൂന്ന് പേരെങ്കിലും വേണം എന്ന ഹൈകമാൻഡ് നിർദേശം നിലനിൽക്കെ ഒറ്റയാളെ ഐകകണ്ഠ്യേന തീരുമാനിച്ച യോഗത്തിൽ ഈശ്വരപ്പയും ഉണ്ടായിരുന്നു. കുറുബ വിഭാഗക്കാരനായ ഈശ്വരപ്പ ആ സമുദായ കാർഡിറക്കി കളിക്കുന്നതിന്റെ വോട്ട് ചോർച്ചക്ക് കോൺഗ്രസിലാണ് കൂടുതൽ സാധ്യത. കോൺഗ്രസ്, ബി.ജെ.പി രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്മാരുടെ സന്തതി പരമ്പരയാണ് പൈതൃക ബലത്തിൽ മത്സര രംഗത്തുള്ളത്.
2009, 2018 ഉപതെരഞ്ഞെടുപ്പ്, 2019 എന്നിങ്ങനെ ഈ മണ്ഡലത്തിൽ വിജയിച്ച ബി.വൈ.രാഘവേന്ദ്രയാണ് ബി.ജെ.പി സ്ഥാനാർഥി. മുൻമുഖ്യമന്ത്രിയും ശിവമൊഗ്ഗ മുൻ എം.പിയുമായ ബി.എസ്.യദിയൂരപ്പയുടെ മകനായ ഇദ്ദേഹം തന്റെ വിജയ സാധ്യത വിവരിക്കുന്നത് ഇങ്ങനെ: 20,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി. റോഡ്, റെയിൽ, വിമാന ഗതാഗത മേഖലകളിൽ ഇത് പ്രകടം. മെംബർ ഓഫ് പാർലമെന്റായ താൻ മെംബർ ഓഫ് പഞ്ചായത്ത് തലത്തിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. എല്ലാ തെരഞ്ഞെടുപ്പുകളിലും തനിക്ക് കെ.എസ്.ഈശ്വരപ്പയുടെ അനുഗ്രഹം ഉണ്ടായിരുന്നു. ഇത്തവണ അദ്ദേഹം സ്വാർഥതയോടെ വഴിമാറി. 15,000-16000 വോട്ടുകൾ അദ്ദേഹം പിടിക്കുമായിരിക്കും. അത് തന്റെ വിജയത്തെ ബാധിക്കില്ല. കർണാടക മുഖ്യമന്ത്രിയും ശിവമൊഗ്ഗ എം.പിയുമായിരുന്ന എസ്.ബങ്കാരപ്പയുടെ മകൾ ഗീത ശിവരാജ് കുമാറാണ് കോൺഗ്രസ് സ്ഥാനാർഥി. കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പയുടെ സഹോദരിയും സിനിമ നടൻ ശിവരാജ് കുമാറിന്റെ ഭാര്യയുമാണ് ഇവർ.
2004ൽ ബി.ജെ.പി ടിക്കറ്റിൽ ഈ മണ്ഡലത്തിൽ ജയിക്കുകയും 2009ൽ കോൺഗ്രസ് സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്തതാണ് ബങ്കാരപ്പയുടെ ജനവിധി. 15 വർഷം മുമ്പ് പിതാവും കഴിഞ്ഞ തവണ ജെ.ഡി.എസ് ചിഹ്നത്തിൽ സഹോദരൻ മധു ബങ്കാരപ്പയും ഏറ്റുവാങ്ങിയ പരാജയം മറികടക്കാനാവും എന്ന തന്റെ പ്രതീക്ഷയുടെ സാഹചര്യങ്ങൾ ഗീത വിവരിക്കുന്നത് ഇങ്ങനെ: സ്ത്രീ വോട്ടർമാരുടെ സ്നേഹം, വാത്സല്യം, ആദരവ് ഇതെല്ലാം ആത്മവിശ്വാസം വർധിപ്പിക്കുന്നു. സഹോദരിയായി, മകളായി കരുതി അവർ തരുന്ന ഈ പരിഗണന തീർച്ചയായും പോളിങ് ബൂത്തിലും ലഭിക്കാതിരിക്കില്ല. നരേന്ദ്ര മോദിയുടെ വാക്കുകളിൽ ഒതുങ്ങുന്ന ഗ്യാരന്റിയല്ല, കോൺഗ്രസ് നടപ്പാക്കിയ അഞ്ച് ഉറപ്പുകളിലാണ് ജനങ്ങൾക്ക് വിശ്വാസം.ശിവമൊഗ്ഗ ജില്ലയിലെ ഏഴും ഉഡുപ്പി ജില്ലയിലെ ഒന്നും നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ശിവമൊഗ്ഗ ലോക്സഭ മണ്ഡലം. ബി.ജെ.പി-നാല്, കോൺഗ്രസ് -മൂന്ന്, ജെ.ഡി.എസ്-ഒന്ന് എന്നിങ്ങനെയാണ് എം.എൽ.എമാർ.
ശിവമൊഗ്ഗ ലോക്സഭ മണ്ഡലം
വോട്ടുനില 2019
ബി.വൈ.രാഘവേന്ദ്ര (ബി.ജെ.പി) -7,29,872
എസ്.മധു ബങ്കാരപ്പ -5,06,512
നിയമസഭ മണ്ഡലങ്ങൾ (2023)
ബി.ജെ.പി: ശിവമൊഗ്ഗ, ശികാരിപുര, ബൈന്തൂർ,
തീർഥഹള്ളി.
കോൺഗ്രസ്: ഭദ്രാവതി, സൊറാബ, സാഗർ
ജെ.ഡി.എസ്: ശിവമൊഗ്ഗ റൂറൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.