ഹാസനിൽ കുടുംബപോര്
text_fieldsരണ്ട് കുടുംബങ്ങൾ തമ്മിലുള്ള രാഷ്ട്രീയവൈരം മൂന്നാം തലമുറയിലേക്ക് കടന്നതിന് സാക്ഷിയാവുകയാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലം. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും സിറ്റിങ് എം.പിയുമായ പ്രജ്വൽ രേവണ്ണ ജെ.ഡി.എസിനു വേണ്ടി മത്സരത്തിനിറങ്ങുമ്പോൾ കോൺഗ്രസിനായി മുൻ ഹാസൻ എം.പി പുട്ടസ്വാമി ഗൗഡയുടെ പൗത്രൻ ശ്രേയസ് എം. പട്ടേലാണ് കളത്തിലുള്ളത്. ദേവഗൗഡയും പുട്ടസ്വാമിയും തമ്മിൽ പല തെരഞ്ഞെടുപ്പുകളിലും നേർക്കുനേർ മത്സരിച്ചിട്ടുണ്ട്. ശ്രേയസിന്റെ മാതാവ് എസ്.ജി. അനുപമ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയുമായിട്ടും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജെ.ഡി-എസിന് ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചിരുന്നെങ്കിലും ഇത്തവണ അത് കോൺഗ്രസിലേക്ക് ചായും. വൊക്കലിഗ വോട്ടുകൾക്കു പുറമെ, ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുകളും ചേരുമ്പോൾ ജയമുറപ്പിക്കാമെന്നാണ് ജെ.ഡി.എസിന്റെ പ്രതീക്ഷ.
എട്ട് നിയോജക മണ്ഡലങ്ങളിൽ ആറെണ്ണവും ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിനൊപ്പമാണ്. എങ്കിലും തങ്ങളുടെ രാഷ്ട്രീയ ഭാവിക്കായി ദീർഘകാലമായി ജെ.ഡി.എസിനോട് പോരാടേണ്ടി വന്ന മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുടെ അതൃപ്തിയെ ജെ.ഡി.എസ് ഭയക്കുന്നുണ്ട്. മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ വന്യജീവി ആക്രമണത്തിൽ സിറ്റിങ് എം.പിയായ പ്രജ്വൽ രേവണ്ണ മൗനം പാലിച്ചതിൽ നാട്ടുകാരും രോഷാകുലരാണ്. എം.പിയെ മണ്ഡലത്തിൽ കാണാൻ കിട്ടിയിരുന്നില്ല എന്ന പരാതിയും വ്യാപകമാണ്.
തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിച്ചുതരണമെന്ന് പലതവണ പ്രജ്വലിന് പറയേണ്ടി വന്ന സന്ദർഭവുമിതാണ്. ഏകാധിപത്യത്തിനെതിരെ, ജനങ്ങൾ നേരിടുന്ന അനീതികൾക്കെതിരെ തന്റെ കൂടെ നിൽക്കണമെന്നാണ് കോൺഗ്രസ് സ്ഥാനാർഥി ശ്രേയസിന് പറയാനുള്ളത്. പക്ഷേ, മണ്ഡലത്തിൽ താഴേ തട്ടിലുള്ള പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകരെ കിട്ടാനില്ല എന്നതാണ് യാഥാർഥ്യം. ഹൊളെനരസിപുര നിയോജക മണ്ഡലത്തിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയോട് കേവലം 3152 വോട്ടിനായിരുന്നു ശ്രേയസ് അടിയറവു പറഞ്ഞത്. 91കാരനായ ദേവഗൗഡ പൗത്രനു വേണ്ടി ഹാസനിലെ ഗ്രാമങ്ങളിൽ ചെന്ന് വോട്ടഭ്യർഥിക്കുന്നുണ്ടെങ്കിൽ ജെ.ഡി.എസിനിത് കടുത്ത പരീക്ഷണമാണെന്നുറപ്പ്. ഏക കുടുംബാധിപത്യത്തിനെതിരെയുള്ള വികാരം കോൺഗ്രസിന് അനുകൂലമാവുമെങ്കിലും ജെ.ഡി.എസിന്റെ ശക്തമായ അടിത്തറക്കൊപ്പം ദേവഗൗഡയുടെ പ്രചരണം കൂടെയാകുമ്പോൾ ഫലം പ്രവചനാതീതമാകുന്നു.
ഹാസൻ ലോക്സഭ മണ്ഡലം
വോട്ടുനില 2019
പ്രജ്വൽ രേവണ്ണ (ജെ.ഡി.എസ്) - 6,76,606
എ. മഞ്ജു (ബി.ജെ.പി) - 5,35,382
വിനോദ് രാജ് കെ.എച്ച് (ബി.എസ്.പി) - 38,761
നിയമസഭ മണ്ഡലങ്ങൾ (2023):
ജെ.ഡി.എസ്: ഹാസൻ, ഹൊളെനരസിപുര, അർക്കൽഗുഡ്, ശ്രാവണബെലഗോള,
കോൺഗ്രസ്: അരസിക്കരെ, കാടൂർ
ബി.ജെ.പി: ബേലൂർ, സകലേഷ്പുര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.