ബിൽ മുഖ്യമന്ത്രി അവതരിപ്പിച്ചു; വിപുല അധികാരം, ലണ്ടൻ മാതൃകയിൽ ട്രാൻസ്പോർട്ട് അതോറിറ്റി വരുന്നു
text_fieldsബംഗളൂരു: ബംഗളൂരുവിൽ ലണ്ടൻ മാതൃകയിലുള്ള ട്രാൻസ്പോർട്ട് അതോറിറ്റി രൂപവത്കരിക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിനും മറ്റു പ്രശ്നങ്ങൾക്കും പരിഹാരമായി ഉന്നത അതോറിറ്റി രൂപവത്കരിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള ബിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയുടെ മേശപ്പുറത്തുവെച്ചു.
നിലവിൽ ബംഗളൂരുവിലെ ഗതാഗതകാര്യങ്ങൾ വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമടക്കമുള്ള സംവിധാനങ്ങളാണ് നിയന്ത്രിക്കുന്നത്. ഇതിനുപകരം ഒറ്റ അതോറിറ്റിയുടെ കീഴിൽ എല്ലാം കൊണ്ടുവരുകയാണ് ലക്ഷ്യം. ബംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ബി.എം.എൽ.ടി.എ) ബിൽ ആണ് അവതരിപ്പിച്ചത്. ബിൽ പ്രകാരം ബി.എം.എൽ.ടിക്ക് നിയമാനുസൃതമായ ഉന്നതാധികാരങ്ങൾ നൽകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആയിരിക്കും ബി.എം.എൽ.ടി.എ പ്രവർത്തിക്കുകയെന്ന് ബിൽ പറയുന്നു. ഇതോടെ ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും വകുപ്പുകളും ഒരു കുടക്കീഴിലുമാകും.
നിലവിൽ ബി.ഡി.എ, ബി.എം.ടി.സി, ബി.ബി.എം.പി, ബി.എം.ആർ.സി.എൽ, ഗതാഗത വകുപ്പ് എന്നിവയാണ് നഗരത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ട വികസനപ്രവൃത്തികളും ആസൂത്രണവും നടപ്പാക്കലുമെല്ലാം നടത്തുന്നത്. ചുമതലകളുടെ ആധിക്യവും പ്രവർത്തനങ്ങളുടെ വൈവിധ്യവും കാരണം വിവിധ വകുപ്പുകൾക്ക് നിരവധി പ്രതിസന്ധികൾ ഉണ്ട്.
ബിൽപ്രകാരം രൂപവത്കരിക്കുന്ന ബി.എം.എൽ.ടി.എക്കായിരിക്കും 1294 സ്ക്വയർ കിലോമീറ്റർ ഉള്ള ബംഗളൂരു മെട്രോപൊളിറ്റൻ നഗരത്തിന്റെ ഗതാഗതമേഖലയുടെ സമ്പൂർണ ചുമതല. നഗരത്തിന്റെ യാത്ര-ഗതാഗത പ്രശ്നങ്ങൾക്ക് യോജിച്ച പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക എന്നത് ഇവരുടെ ചുമതലയായിരിക്കും. സമഗ്രമായ ഗതാഗത പദ്ധതികൾ തയാറാക്കണം. അത് അഞ്ചുവർഷം കൂടുമ്പോൾ വിലയിരുത്തൽ നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തണം. പാർക്കിങ്, ചരക്കുഗതാഗതം തുടങ്ങിയവയുടേയൊെക്ക ഉത്തരവാദിത്തം ബി.എം.എൽ.ടി.എക്ക് ആയിരിക്കും. വർഷത്തിൽ ഒരിക്കലെങ്കിലും ഗതാഗത പദ്ധതി തയാറാക്കണം.
വാഹനങ്ങളുടെ ഒഴുക്ക്, സിഗ്നൽ പ്രവർത്തനം, നഗരത്തിലെ ഇടനാഴികൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാകണം ഇത്. കാൽനടക്കാർ, സൈക്കിൾ ട്രാക്കുകൾ, റോഡിന്റെ ഗുണനിലവാരം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്നതാകണം ഈ പദ്ധതികൾ. ബി.എം.എൽ.ടി.എയുടെ നിയമനിർദേശങ്ങൾ പാലിക്കാത്തവർക്ക് ലക്ഷം രൂപവരെ പിഴശിക്ഷ കിട്ടും. ഒരാളുടെ ആദ്യ നിയമലംഘനത്തിനായിരിക്കും ഇത്. രണ്ടാമത്തെ നിയമലംഘനത്തിന് രണ്ട് ലക്ഷം രൂപ വരെയും ശിക്ഷകിട്ടും.
നിരന്തരം നിയമലംഘനം നടത്തുന്നവർക്ക് ദിവസം 5000 രൂപ വരെയും പിഴ ശിക്ഷ ലഭിക്കും. സർക്കാർ വകുപ്പുകൾക്കും കമ്പനികൾക്കുമടക്കം ഇത്തരത്തിൽ നിയമലംഘനത്തിന് പിഴശിക്ഷ ലഭിക്കും. ഈ വർഷം അവസാനം നടക്കുന്ന നിയമസഭയുടെ ശീതകാലസമ്മേളനത്തിൽ ബിൽ പാസാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.