പരിസ്ഥിതി ദിനത്തിൽ വേറിട്ട ചുവടുമായി ബംഗളൂരു ലുലു മാൾ
text_fieldsബംഗളൂരു: പരിസ്ഥിതി ദിനത്തിൽ പ്രകൃതിസംരക്ഷണത്തിനായി വേറിട്ട ചുവടുമായി ബംഗളൂരു ലുലു മാൾ. ഇൻസ്റ്റ ബിൻ, 1000 മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള പദ്ധതി, പരിസ്ഥിതി സംരക്ഷകരെ ഒത്തുചേർക്കാനും ആദരിക്കാനുമുള്ള വാൾ ഓഫ് ഫെയിം എന്നിവ മാളിൽ നടപ്പാക്കി.
പ്ലാസ്റ്റിക് ഉപയോഗം കുറക്കാനും റീസൈക്കിൾ ചെയ്യാനും ഉതകുന്ന ഇൻസ്റ്റാ ബിൻ സംവിധാനം മാളിൽ സ്ഥാപിച്ചു. ഉപയോഗിച്ച ഒരു പ്ലാസ്റ്റിക് കുപ്പി ഇതിലേക്ക് നിക്ഷേപിക്കുമ്പോൾ അത് റീസൈക്കിൾ ചെയ്യാനായി ശേഖരിക്കുന്നതിനൊപ്പം നിക്ഷേപിച്ചയാൾക്ക് മെഷീനിൽ നിന്ന് ഒരു ടോക്കണും ലഭിക്കും. ഇത് മാളിലെ ലോയലിറ്റി ഡെസ്കിൽ നൽകിയാൽ, പകരം ഷോപ്പിങ് വൗച്ചറും നേടാം. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പായ ഇൻസ്റ്റാഗുഡ് ടെക്നോളജീസാണ് ഈ മെഷീൻ വികസിപ്പിച്ചത്.
1000 മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ മാളിൽ സന്ദർശനത്തിനെത്തുന്ന ആർക്കും പങ്കാളിയാകാം. ഇവരുടെ പേരിൽ തന്നെയാണ് മരങ്ങൾ നട്ടുപിടിപ്പിക്കുക. പുറമെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷകരെ ഒത്തുചേർത്ത് ആദരിക്കുകയും, അവരുമായി ആശയവിനിമയം നടത്താനും, അവരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കാനുമായി വാൾ ഓഫ് ഫെയിം എന്ന പേരിൽ പ്രത്യേക പരിപാടിയും പ്രദർശനവും ലുലുമാളിൽ ഒരുക്കിയിട്ടുണ്ട്. ലുലു കർണാടക റീജനൽ ഡയറക്ടർ കെ.കെ. ഷെരീഫ്, റീജനൽ മാനേജർ കെ.പി. ജമാൽ, ലുലു മാൾ ബംഗളൂരു ജനറൽ മാനേജർ കിരൺ പുത്രൻ, ഡി.ജി.എം ആകാശ് കൃഷ്ണൻ, ഗ്രീൻ മൈക്ക് സ്ഥാപക അക്ഷത ഭദ്രന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കാനും സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിലേക്കുമുള്ള ചുവടുവെപ്പാണ് ലുലു മാൾ ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു മാൾ ബംഗളൂരു മാൾ ജനറൽ മാനേജർ കിരൺ പുത്രൻ വ്യക്തമാക്കി. ഗ്രീൻ മൈക്ക് എന്ന പരിസ്ഥിതി സംഘടനയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.