മഅ്ദനി കേരളത്തിൽ
text_fieldsബംഗളൂരു/നെടുമ്പാശ്ശേരി:: സുപ്രീംകോടതി അനുവദിച്ച ജാമ്യ ഇളവിന്റെ അടിസ്ഥാനത്തിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കേരളത്തിലെത്തി. തിങ്കളാഴ്ച വൈകീട്ട് 6.20നുള്ള വിമാനത്തിൽ ബംഗളൂരുവിൽനിന്ന് സുരക്ഷാജീവനക്കാർക്കും ബന്ധുക്കൾക്കുമൊപ്പം യാത്ര തിരിച്ച അദ്ദേഹം വൈകിട്ട് 7.06നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്.
ആംബുലൻസിൽ കൊല്ലം അൻവാർശ്ശേരിയിലേക്ക് പുറപ്പെട്ട അദ്ദേഹത്തെ ആലുവക്കടുത്തുവെച്ച് ഛർദിയുണ്ടായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ അൻവാർശ്ശേരിയിലേക്കുള്ള യാത്ര റദ്ദാക്കി രാത്രി ആശുപത്രിയിൽ തങ്ങിയ മഅ്ദനി ചൊവ്വാഴ്ച വിദഗ്ധ പരിശോധനക്ക് ശേഷം യാത്ര തുടരുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
സുരക്ഷക്ക് കർണാടക റിസർവ് പൊലീസിലെ 12 പേർ മുഴുവൻ സമയവും മഅ്ദനിക്കൊപ്പമുണ്ടാകും. കൂടാതെ കേരള പൊലീസിന്റെ സംഘവുമുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്ത് മുഴുവൻ സമയവും മെഡിക്കൽ സംഘവും അനുഗമിക്കും. ജൂലൈ ഏഴിന് വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങും.ആറു വർഷത്തിന് ശേഷമാണ് മഅ്ദനി പിതാവിനെ സന്ദർശിക്കുന്നത്. 2017ൽ മൂത്ത മകൻ ഉമർ മുഖ്താറിന്റെ വിവാഹത്തിനെത്തിയപ്പോഴാണ് അവസാനമായി മഅ്ദനി പിതാവിനെ സന്ദർശിച്ചത്.
സുപ്രീംകോടതി അനുവദിച്ച 82 ദിവസത്തെ ജാമ്യവ്യവസ്ഥയിലെ ഇളവിൽ നാട്ടിലേക്ക് പോകാൻ അനുഗമിക്കുന്ന ഉദ്യോഗസ്ഥമാർക്ക് ലക്ഷങ്ങൾ കെട്ടിവെക്കണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണ് കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ നിബന്ധനയായി വെച്ചിരുന്നത്. പ്രതിമാസം 20 ലക്ഷം രൂപ വീതം 82 ദിവസത്തേക്ക് എതാണ്ട് 52 ലക്ഷത്തിലധികം രൂപയാണ് കെട്ടിവെക്കാൻ നിർദേശിച്ചത്. നിലവിൽ ഈ വ്യവസ്ഥകളിൽ പുതിയ കോൺഗ്രസ് സർക്കാർ നേരിയ ഇളവ് അനുവദിച്ചതിനെ തുടർന്നാണ് നാട്ടിലെത്താൻ മഅ്ദനി തീരുമാനിച്ചത്.
പക്ഷാഘാതത്തെ തുടർന്ന് ശയ്യാവലംബിയായ പിതാവിനെ സന്ദർശിക്കാനുള്ള അതിയായ ആഗ്രഹത്തിനാലും ഇളവ് ദിവസങ്ങൾ തീരാൻ പോകുന്നതിനാലുമാണ് കേരളത്തിലേക്ക് തിരിക്കാൻ മഅ്ദനിയെ പ്രേരിപ്പിച്ചത്. കർണാടക സർക്കാറിന്റെ സുരക്ഷയിൽ പോയിവരണമെന്നും അതിന്റെ ചെലവ് മഅ്ദനി വഹിക്കണമെന്നുമായിരുന്നു സുപ്രീംകോടതി നിർദേശം. 2008ലെ ബംഗളൂരു സ്ഫോടനക്കേസിൽ 31ാം പ്രതിയായി ചേർക്കപ്പെട്ട മഅ്ദനി സുപ്രീംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ബംഗളൂരുവിൽ കഴിഞ്ഞിരുന്നത്.
ദൈവത്തിന് നന്ദി പറഞ്ഞ് മഅ്ദനി
പിതാവിനൊപ്പം കുറച്ചുദിവസം ചെലവഴിക്കണമെന്നാണ് ആഗ്രഹമെന്നും അതിന് അവസരം കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുന്നതായും ബംഗളൂരുവിൽനിന്ന് യാത്രതിരിക്കവെ മഅ്ദനി പറഞ്ഞു. തന്റെ കേരളയാത്രയുടെ കാര്യത്തിൽ കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ ഭാഗത്തുനിന്ന് പ്രതികൂലമായ നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ മഅ്ദനി, കെട്ടിവെക്കാൻ പറഞ്ഞ ഭീമമായ സംഖ്യയിൽ വലിയ കുറവൊന്നുമുണ്ടായിട്ടില്ലെന്നും യാത്രാദൂരം കണക്കാക്കിയാണ് അന്തിമ തുക നിശ്ചയിക്കുകയെന്നും ചൂണ്ടിക്കാട്ടി. തന്റെ ആരോഗ്യനില ഏറെ വിഷമകരമാണ്. ചികിത്സ ലഭിച്ചില്ലെങ്കിൽ ഏതുസമയവും പക്ഷാഘാതം സംഭവിക്കാനുള്ള സാധ്യത ഡോക്ടർമാർ പറയുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്വീകരിച്ച് പ്രവർത്തകർ
ഏറെനാളുകളുടെ കാത്തിരിപ്പിനുശേഷം കേരളത്തിലെത്തിയ മഅ്ദനിയെ സ്വീകരിക്കാൻ നാനൂറോളം പി.ഡി.പി പ്രവർത്തകരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാത്തുനിന്നിരുന്നത്.ഭാര്യ സൂഫിയ മഅ്ദനി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, പി.ഡി.പി നേതാക്കളായ നൗഷാദ് തിക്കോടി, സലീം ബാബു, ഷാംനവാസ്, അഷ്റഫ് കാക്കനാട്, ഹസൻ, മുബഷിർ തുടങ്ങിയവർ അദ്ദേഹത്തെ യാത്രയിൽ അനുഗമിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ മഅ്ദനിയെ ഇളയമകൻ സലാഹുദ്ദീൻ അയ്യൂബി, പി.ഡി.പി സംസ്ഥാന നേതാക്കളായ അഡ്വ. മുട്ടം നാസർ, വർക്കല രാജ്, വി.എം. അലിയാർ, മുഹമ്മദ് ബിലാൽ, മുജീബുറഹ്മാൻ തുടങ്ങിയവർ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.