മഹാത്മാഗാന്ധിയുടെ ജീവിതമാണ് കരുത്തും പ്രതീക്ഷയും-സിദ്ധരാമയ്യ
text_fieldsബംഗളൂരു: മഹാത്മാഗാന്ധിയുടെ ജീവിതമാണ് മുഡ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആക്രമണങ്ങളിൽ കരുത്തും പ്രതീക്ഷയും നൽകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗാന്ധി ജയന്തി ദിനമായ ബുധനാഴ്ച ബംഗളൂരു വിധാൻ സൗധ പരിസരത്ത് കോൺഗ്രസ് സംഘടിപ്പിച്ച പടുകൂറ്റൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകായുക്തയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകൾ താൻ നേരിടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതൊരു സത്യാന്വേഷണ പരീക്ഷണമായി കാണാൻ തനിക്ക് സാധിക്കുന്നത് ബാപ്പുജിയുടെ ദർശനങ്ങൾ സ്വജീവിതത്തിൽ പുലർത്തുന്നത് കൊണ്ടാണെന്ന് സിദ്ധരാമയ്യ തുടർന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമ മന്ത്രി എച്ച്.കെ. പാട്ടീൽ, വനിത ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ, മറ്റു മന്ത്രിമാർ, നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.
വെള്ളവസ്ത്രവും ഗാന്ധി തൊപ്പിയും ധരിച്ചാണ് മുഖ്യമന്ത്രിയുൾപ്പെടെ നേതാക്കളും പ്രവർത്തകരും ത്രിവർണ പതാകയേന്തി മാർച്ചിൽ അണിനിരന്നത്. ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്ക് ആത്മവിശ്വാസം പകരുന്നതായി മാർച്ചിലെ പാർട്ടി പ്രവർത്തക പങ്കാളിത്തവും ആവേശവും.നേരത്തെ പൊതു ആവശ്യങ്ങൾക്ക് വിട്ടു നൽകിയ ഭൂമിക്ക് പകരമായി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന നൽകിയ 14 പ്ലോട്ടുകളാണ് വിവാദവും കേസുമായത്. ബി.ജെ.പി ഈ പ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇ.ഡി കേസുമെടുത്തു. ഭൂമിയേക്കാൾ തനിക്ക് വലുത് ഭർത്താവിന്റെ അഭിമാനമാണെന്നുപറഞ്ഞ് വിവാദ ഭൂമി പൂർണമായി പാർവതി, മുഡക്ക് തിരിച്ചേൽപിച്ചിരുന്നു. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി എന്നിവരെ പ്രതി ചേർത്താണ് ലോകായുക്തയും ഇ.ഡിയും കേസുകൾ രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.