മുഖ്യപ്രതി ജുനൈദ് മൂന്നു തവണ തടവ് ലഭിച്ചയാൾ
text_fieldsബംഗളൂരു: ബംഗളൂരു പൊലീസിന് കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയ അഞ്ചംഗ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ മുഖ്യ സൂത്രധാരൻ ജുനൈദ് അഹമ്മദ് മുമ്പ് മൂന്നുതവണ തടവുശിക്ഷ അനുഭവിച്ചയാളെന്ന് പൊലീസ്. ആർ.ടി നഗർ കനകനഗർ സ്വദേശിയായ 29കാരൻ നിലവിൽ വിദേശത്താണുള്ളതെന്നാണ് വിവരം. 2017ൽ ബിസിനസ് വൈരത്തിന്റെ പേരിൽ നൂർ അഹമ്മദ് എന്നയാളെ കൊലപ്പെടുത്തിയ ജുനൈദിനെയും സെയ്ദ് സുഹൈൽ, ഉമർ, ജുനൈദ്, മുദസിർ, ജാഹിദ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ വെച്ചാണ് ബംഗളൂരു സ്ഫോടനകേസ് പ്രതി തടിയൻറവിട നസീറിനെ പരിചയപ്പെടുന്നതും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് സംഘം വഴിമാറുന്നതെന്നും പൊലീസ് പറയുന്നു. ആറ് യുവാക്കളും 18 മാസം പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
പിന്നീടാണ് ജാമ്യം ലഭിച്ച് പുറത്തുവരുന്നത്. തടിയൻറവിട നസീർ ലശ്കറെ ത്വയ്യിബ പ്രവർത്തകനാണെന്നാണ് 2008ലെ ബംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന്റെ കണ്ടെത്തൽ. ഇതുവഴി ആറംഗ സംഘവും ലശ്കറിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ടാവാമെന്നാണ് പൊലീസ് നിഗമനം. 2020ൽ ജുനൈദ് ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റിലായിരുന്നു. ജാമ്യം ലഭിച്ച് പുറത്തുവന്ന ശേഷം 2021ൽ കവർച്ച ശ്രമവുമായി ബന്ധപ്പെട്ടും അറസ്റ്റിലായി. ഇത്തവണ ജാമ്യം ലഭിച്ചശേഷം വിദേശത്തേക്ക് കടന്ന ജുനൈദ് ഗൾഫ് രാജ്യങ്ങളിലൊന്നിൽ കഴിയുകയാണെന്നാണ് പൊലീസ് കരുതുന്നത്. 2008ലെ ബംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ട് 2009ൽ മേഘാലയയിലെ ഇന്ത്യൻ- ബംഗ്ലാദേശ് അതിർത്തിയിൽനിന്നാണ് തടിയൻറവിട നസീറിനെ അറസ്റ്റ് ചെയ്യുന്നത്. ഹെബ്ബാളിലെ വീട്ടിൽ സംശയകരമായ രീതിയിൽ ചിലർ ഒത്തുകൂടുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. ബുധനാഴ്ച അഞ്ചുപേരും ഹെബ്ബാളിലെ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സി.സി.ബി ഓപറേഷൻ നടപ്പാക്കിയത്. ബംഗളൂരുവിൽ തീവ്രവാദികളെന്ന് സംശയിക്കുന്ന അഞ്ചംഗ സംഘത്തെ പിടികൂടിയ വിവരം നിയമസഭയിൽ അറിയിച്ച ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, ഓപറേഷന് നേതൃത്വം നൽകിയ സെൻട്രൽ ക്രൈം ബ്രാഞ്ചിനെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.