ജെ.ഡി.എസ് നിയമസഭ ടിക്കറ്റിൽ ‘മക്കൾ മാഹാത്മ്യം’
text_fieldsബംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ എതിർപാർട്ടികൾക്ക് ഒരുമുഴം മുമ്പേ ജെ.ഡി.എസ്. ആദ്യഘട്ടത്തിൽ 93 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ മൂന്നു നേതാക്കളുടെ മക്കൾക്ക് സീറ്റുറപ്പിച്ചു.
പാർട്ടി നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി, പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.എം. ഇബ്രാഹിമിന്റെ മകൻ സി.എം. ഫയാസ്, മുൻമന്ത്രിയും ചാമുണ്ഡേശ്വരി മണ്ഡലം എം.എൽ.എയുമായ ജി.ടി. ദേവഗൗഡയുടെ മകൻ ജി.ടി. ഹരീഷ് ഗൗഡ എന്നിവർക്കാണ് സീറ്റ് ലഭിച്ചത്.
അമ്മ അനിത കുമാരസ്വാമി പ്രതിനിധാനം ചെയ്യുന്ന രാമനഗര മണ്ഡലത്തിലാണ് നിഖിൽ മത്സരിക്കുക. അതേസമയം, എച്ച്.ഡി. കുമാരസ്വാമി സിറ്റിങ് മണ്ഡലമായ ചന്നപട്ടണയിൽനിന്നുതന്നെ ജനവിധി തേടും. മുസ്ലിം വോട്ട് വിധി നിർണയിക്കുന്ന ബിദറിലെ ഹുംനാബാദ് സീറ്റാണ് സി.എം. ഫയാസിന് നൽകിയത്.
ജെ.ഡി.എസ് കർണാടക മുൻ അധ്യക്ഷൻ മിറാജുദ്ദീൻ പട്ടേലിനെ മൂന്നുതവണ നിയമസഭയിലേക്കയച്ച മണ്ഡലമാണിത്. ജി.ടി. ദേവഗൗഡയുടെ സിറ്റിങ് മണ്ഡലമായ ചാമുണ്ഡേശ്വരിയിൽ അദ്ദേഹം വീണ്ടുമൊരങ്കത്തിനുകൂടി തയാറെടുക്കുകയാണ്. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ തകർന്ന ശേഷം പാർട്ടിയിൽനിന്ന് അകന്നുകഴിയുന ജി.ടി. ദേവഗൗഡയെ അനുനയിപ്പിച്ചാണ് വീണ്ടും രംഗത്തിറക്കുന്നത്.
സിദ്ധരാമയ്യയെ പോലൊരു അതികായനെ ചാമുണ്ഡേശ്വരിയിൽ മലർത്തിയടിച്ച ജി.ടി. ദേവഗൗഡക്ക് ചാമുണ്ഡേശ്വരി നിലനിർത്താനാവുമെന്നാണ് പാർട്ടി പ്രതീക്ഷ. ജി.ടി. ഹരീഷ് ഗൗഡക്ക് ഹുൻസൂർ മണ്ഡലം നൽകി. എച്ച്.ഡി. രേവണ്ണ (ഹൊളെനരസിപുർ), ബന്ദപ്പ കാശംപൂർ (ബിദർ സൗത്ത്), സി.എസ്. പുട്ടരാജു (മേലുക്കോട്ടെ), സാറ മഹേഷ് (കെ.ആർ. നഗർ) തുടങ്ങി പ്രധാനപ്പെട്ട മറ്റു നേതാക്കളെല്ലാം സിറ്റിങ് മണ്ഡലത്തിൽതന്നെ മത്സരിക്കും.
ബി.ജെ.പി സമീപിക്കുമെന്ന് കുമാരസ്വാമി
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭക്കുള്ള സാധ്യത സൂചിപ്പിച്ച് ജെ.ഡി.എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി. തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്ക് തന്നെ സമീപിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘2023ൽ നിങ്ങൾക്ക് (ബി.ജെ.പി) ജെ.ഡി.എസിന്റെ അടുക്കൽ വരേണ്ടിവരും, സൂക്ഷിച്ചിരുന്നോളൂ.
ബി.ജെ.പിക്ക് ഇത്തവണ അതിജീവനം എളുപ്പമല്ല. ബി.ജെ.പിയെ കർണാടകയിൽനിന്ന് തൂത്തെറിയാൻ തീരുമാനിച്ചിട്ടുണ്ട്. നിങ്ങളിൽനിന്ന് ഒന്നും ഞങ്ങൾക്ക് പഠിക്കേണ്ടതില്ല’’- കുമാരസ്വാമി പറഞ്ഞു.
ജെ.ഡി.എസിന്റേത് കുടുംബരാഷ്ട്രീയമാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് പരിഹസിച്ചതിന് മറുപടിയായാണ് കുമാരസ്വാമിയുടെ പ്രതികരണം. ഒറ്റക്ക് 123 സീറ്റ് നേടുക എന്നതാണ് ജെ.ഡി.എസ് ലക്ഷ്യമെന്ന് കുമാരസ്വാമി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.