മാക്കൂട്ടം ചുരം റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യം
text_fieldsബംഗളൂരു: വീരാജ്പേട്ട- മാക്കൂട്ടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം. റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തി യാത്ര സുഖകരമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് എൻ.എ. ഹാരിസ് എം.എൽ.എ മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകി. ഉടനെ തന്നെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനും ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന് മുഖ്യമന്ത്രി നിർദേശം നൽകിയതായി ഹാരിസ് മറുപടി നൽകി.
കണ്ണൂർ ഭാഗത്തുനിന്ന് കുടക്, മൈസൂരു, ഹാസൻ, ബംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള പ്രധാന പാതയായ മാക്കൂട്ടം ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞതുകാരണം യാത്ര ദുഷ്കരമായിട്ട് മാസങ്ങളായി. ചരക്ക് വാഹനങ്ങൾ കൂടുതലും കടന്നുപോകുന്നതും ഈ വഴിയാണ്. ചെറു വാഹനങ്ങളായും ഇരുചക്ര വാഹനങ്ങളായും ധാരാളം വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്നു. ഇവരാണ് കൂടുതൽ യാത്രാദുരിതമനുഭവിക്കുന്നത്. കുടകിലുള്ളവർക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പോകേണ്ടതും ഇതുവഴിയാണ്.
ശബരിമല സീസണായതിനാൽ കാൽനടയായും വാഹനങ്ങളിലും ഇതുവഴി സ്വാമിമാർ യാത്ര ചെയ്യുന്നതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി തീർക്കണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു. സംസ്ഥാന പാതയിൽ ബിട്ടൻകാല മുതൽ മാക്കൂട്ടം (വീരാജ്പേട്ട) വരെയുള്ള ഏകദേശം 25 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കർണാടക-കേരള അന്തർസംസ്ഥാന പാതയായ ഈ ചുരം റോഡ്. വിനോദസഞ്ചാര കേന്ദ്രമായ കുടകിലേക്ക് കേരളത്തിൽനിന്ന് നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ ഓടുന്നുണ്ട്.
റോഡിന് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും റോഡുപണി യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കണമെന്നും എം.എൽ.എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.